കഴിഞ്ഞ വര്‍ഷത്തിലെ കടം വീട്ടി മല്യയുടെ ബാര്‍ബഡോസ് ട്രിഡന്റ്സ്

2018 സീസണ്‍ ഡ്രാഫ്ടിനു മുമ്പായി താരങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കുവാനുള്ള പണം അടച്ച് തീര്‍ത്ത് വിജയ മല്യയുടെ ഉടമസ്ഥതയിലുള്ള കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികളായ ബാര്‍ബഡോസ് ട്രിഡന്റ്സ്. കീറണ്‍ പൊള്ളാര്‍ഡ്, ഡ്വെയിന്‍ സ്മിത്ത്, കെയിന്‍ വില്യംസണ്‍, ഷൊയ്ബ് മാലിക് തുടങ്ങിയ താരങ്ങളുള്‍പ്പെടെ ബഹുഭൂരിപക്ഷം താരങ്ങളുടെയും പണം ഇപ്പോള്‍ ഫ്രാഞ്ചൈസി കൊടുത്തു തീര്‍ത്തതായാണ് കിട്ടുന്ന വിവരം.

ബാര്‍ബഡോസ് സര്‍ക്കാരില്‍ നിന്നുള്ള ചില സാമ്പത്തിക നീക്കങ്ങള്‍ തങ്ങളുടെ വരുമാനം കുറയ്ക്കുവാന്‍ കാരണമായെന്നും അതാണ് തരാങ്ങള്‍ക്ക് പണം നല്‍കുന്നതിനു വിലക്കായതായും ട്രിഡന്റ്സ് ടീം മാനേജ്മെന്റ് അറിയിച്ചത്. ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 16 വരെയാണ് സിപിഎല്‍ നടക്കുക. 50%ത്തിലധികം വിദേശ താരങ്ങളാണ് കഴിഞ്ഞ തവണത്തെക്കാള്‍ ലേല നടപടികളിലായി ഇത്തവണ പങ്കെടുത്തത്. ഭാവിയില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടി20 ലീഗായി കരീബിയന്‍ പ്രീമിയര്‍ ലീഗ് മാറുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial