റണ്‍ മഴ കണ്ട മത്സരത്തില്‍ വീണ്ടും തോല്‍വിയേറ്റ് വാങ്ങി ജമൈക്ക തല്ലാവാസ്, നാലില്‍ നാലും വിജയിച്ച് ട്രിന്‍ബാഗോ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനോട് റണ്‍ മഴ കണ്ട മത്സരത്തില്‍ പരാജയമേറ്റുവാങ്ങിയ ജമൈക്ക തല്ലാവാസ് വീണ്ടും അത്തരത്തിലൊരു മത്സരത്തില്‍ പിന്നില്‍ പോയി. ഇന്നലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനോടായിരുന്നു തല്ലാവാസ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് 267/2 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ തല്ലാവാസിന് 5 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് മാത്രമേ നേടാനായുള്ളു.

ട്രിന്‍ബാഗോയുടെത് നാല് മത്സരങ്ങളില്‍ നാലാം വിജയമാണിത്. കോളിന്‍ മണ്‍റോ 50 പന്തില്‍ പുറത്താകാതെ 96 റണ്‍സ് നേടിയപ്പോള്‍ 8 സിക്സും 6 ഫോറുമാണ് താരം നേടിയത്. താരത്തിന് പിന്തുണയായി ലെന്‍ഡല്‍ സിമ്മണ്‍സ് 42 പന്തില്‍ നിന്ന് 86 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ നിന്ന് പുറത്താകാതെ 45 റണ്‍സ് നേടി പൊള്ളാര്‍ഡും റണ്‍ മഴയൊരുക്കി.

മറുപടി ബാറ്റിംഗില്‍ ഗ്ലെന്‍ ഫിലിപ്പ്സ്(32 പന്തില്‍ 62), ക്രിസ് ഗെയില്‍(39), ജാവെല്ലേ ഗ്ലെന്‍(34*), രമാല്‍ ലൂയിസ്(15 പന്തില്‍ പുറത്താകാതെ 37) എന്നിവര്‍ തിളങ്ങിയെങ്കിലും വലിയ ചേസിംഗിനിടെ മധ്യനിരയ്ക്ക് പതറിയത് തല്ലാവാസിന് തിരിച്ചടിയായി. നൈറ്റ് റൈഡേഴ്സിന് വേണ്ടി മുഹമ്മദ് ഹസ്നൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.