പൊരുതി നേടിയ വിജയം, കെവണ്‍ കൂപ്പറും രാംദിനും നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കി

തകര്‍ച്ചയില്‍ നിന്ന് അതിജീവിച്ച് കാര്‍ലോസ് ബ്രാത്ത്‍വൈറ്റും മുഹമ്മദ് നബിയും ചേര്‍ന്ന് നേടിക്കൊടുത്ത 135 റണ്‍സ് പ്രതിരോധിക്കാന്‍ പാട്രിയറ്റ്സിനു സാധിക്കാതെ വന്നപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി നൈറ്റ് റൈഡേഴ്സ്. സെയിന്റ് കിറ്റ്സ് ആന്‍ഡ് പാട്രിയറ്റ്സിനെതിരെ 3 വിക്കറ്റ് വിജയമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത്. കെവണ്‍ കൂപ്പറാണ് മത്സരത്തിലെ താരം.

ഷെല്‍ഡന്‍ കോട്രെല്ലിന്റെ മത്സരത്തിന്റെ രണ്ടാം ഓവറില്‍ നേടിയ ഇരട്ട വിക്കറ്റുകളില്‍ നിന്ന് കരകയറാനാകാതെ ബുദ്ധിമുട്ടിയ നൈറ്റ് റൈഡേഴ്സിനെ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാംദിന്‍-കെവണ്‍ കൂപ്പര്‍ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്. കെവണ്‍ കൂപ്പര്‍ 29 റണ്‍സും ദിനേശ് രാംദിന്‍ 26 റണ്‍സും നേടി വിജയ സമയത്ത് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് ഒരു ഘട്ടത്തില്‍ 65/5 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും ജോനാഥന്‍ കാര്‍ട്ടര്‍-കാര്‍ലോസ് ബ്രാത്‍വൈറ്റ് സഖ്യം 49 റണ്‍സുമായി സ്കോര്‍ 114ല്‍ എത്തിച്ചു. 21 റണ്‍സ് നേടിയ കാര്‍ട്ടര്‍ പുറത്തായ ശേഷം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് മുഹമ്മദ് നബിയും(5 പന്തില്‍ 18) ബ്രാത്‍വൈറ്റും ചേര്‍ന്ന് അവസാന ഓവറില്‍ 21 റണ്‍സ് നേടി പാട്രിയറ്റ്സിന്റെ സ്കോര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ എത്തിച്ചു. കെവണ്‍ കൂപ്പര്‍, ജേവണ്‍ സീരേല്‍സ് എന്നിവര്‍ നൈറ്റ് റൈഡേഴ്സിനായി 2 വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരൈന്‍ തന്റെ 4 ഓവറില്‍ വെറും 8 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ് റൈഡേഴ്സിനു തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. 90/7 എന്ന നിലയിലേക്ക് വീണ നൈറ്റ് റൈഡേഴ്സിന്റെ രക്ഷയ്ക്കെത്തിയത് 8ാം വിക്കറ്റ് കൂട്ടുകെട്ടാണ്. മത്സരം സ്വന്തമാക്കിയെന്ന് കരുതിയ പാട്രിയറ്റ്സിനെ ഞെട്ടിച്ച് 46 റണ്‍സാണ് രാംദിന്‍-കൂപ്പര്‍ സഖ്യം നേടിയത്. കോളിന്‍ മുണ്‍റോയാണ് നൈറ്റ് റൈഡേഴ്സിനുവേണ്ടി തിളങ്ങിയ മറ്റൊരു താരം. പാട്രിയറ്റ്സിനായി ഷെല്‍ഡന്‍ കോട്രെല്‍, തബ്രൈസ് ഷംസി, മുഹമ്മദ് ഹഫീസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial