തന്‍വീര്‍ മാജിക്കില്‍ ഗയാനയ്ക്ക് 99 റണ്‍സ് ജയം

സൊഹൈല്‍ തന്‍വീറിന്റെ മാന്ത്രിക സ്പെല്ലില്‍ ബാര്‍ബഡോസ് ട്രിഡന്റ്സ് തകര്‍ന്നടിഞ്ഞപ്പോള്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനു 99 റണ്‍സ് ജയം. 158/8 എന്ന ഗയാനയുടെ സ്കോര്‍ പിന്തുടരുകയായിരുന്ന ബാര്‍ബഡോസ് 59 റണ്‍സിനു ഓള്‍ഔട്ട് ആയി. തന്റെ 4 ഓവര്‍ സ്പെല്ലില്‍ വെറും 3 റണ്‍സ് വിട്ടു നല്‍കി 5 വിക്കറ്റാണ് തന്‍വീര്‍ വീഴ്ത്തിയത്. സൊഹൈല്‍ തന്‍വീര്‍ തന്നെയാണ് മത്സരത്തിലെ താരം. റഷീദ് ഖാന്‍ 3 വിക്കറ്റ് വീഴ്ത്തി തന്‍വീറിനു മികച്ച പിന്തുണ നല്‍കി. 17 റണ്‍സ് നേടിയ അകീല്‍ ഹൊസൈനാണ് ബാര്‍ബഡോസിന്റെ ടോപ് സ്കോറര്‍.

13/5 എന്ന സ്കോറിലേക്ക് തകര്‍ന്ന ബാര്‍ബഡോസ് മത്സരത്തില്‍ പിന്നീട് കരകയറാന്‍ സാധിക്കാതെ അടിയറവു പറയുകയായിരുന്നു. നാല് ബാര്‍ബഡോസ് ബാറ്റ്സ്മാന്മാര്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയ മത്സരത്തില്‍ തന്റെ ആദ്യ സ്പെല്ലില്‍ 3 ഓവറില്‍ 2 റണ്‍സിനു 4 വിക്കറ്റാണ് സൊഹൈല്‍ നേടിയത്. അതില്‍ ഒരു മെയിഡന്‍ ഓവറും ഉള്‍പ്പെട്ടു.

നേരത്തെ ടോസ് നേടിയ ബാര്‍ബഡോസ് ഗയാനയെ ബാറ്റിംഗിനയയ്ച്ചു. ഒരു ഘട്ടത്തില്‍ 65/4 എന്ന നിലയിലേക്ക് വീണ ഗയാനയെ ജേസണ്‍ മുഹമ്മദ്(42), അസാദ് ഫുദാദിന്‍(27), റോഷോരി പ്രൈമസ്(21), ലൂക്ക് റോഞ്ചി(24) എന്നിവരുടെ ഇന്നിംഗ്സ് ബലത്തിലാണ് 158 റണ്‍സ് എന്ന സ്കോറിലേക്ക് എത്തിയത്.

ബാര്‍ബഡോസിനായി രവി രാംപോള്‍, അകീല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial