നാട്ടില്‍ ജയമില്ലാതെ ട്രിഡന്റ്സ്, സ്റ്റാര്‍സിനോടും തോല്‍വി

തങ്ങളുടെ നാട്ടില്‍ വിജയമില്ലാതെ ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്നലെ ടീമിനെതിരെ സെയിന്റ് ലൂസിയ സ്റ്റാര്‍സ് 6 വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. 35 റണ്‍സ് നേടിയ ഹാഷിം അംല ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ 20നു മുകളില്‍ സ്കോര്‍ നേടാനായില്ല. സ്റ്റാര്‍സിനു വേണ്ടി ക്രിസ്റ്റഫര്‍ ലാമോന്റ് രണ്ട് വിക്കറ്റ് വീഴ്ത്തി തന്റെ കണിശതയാര്‍ന്ന ബൗളിംഗ് പ്രകടനത്തിനു മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി. കെസ്രിക് വില്യംസ്, ഒബെയ്ദ് മക്കോയ് എന്നിവര്‍ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

17.3 ഓവറിലാണ് നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ സ്റ്റാര്‍സ് ലക്ഷ്യം മറികടന്നത്. ഡേവിഡ് വാര്‍ണര്‍ 42 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ താരത്തിനു ചന്ദ്രപോള്‍ ഹേംരാജ്(37) മികച്ച പിന്തുണ നല്‍കി. ലെന്‍ഡല്‍ സിമ്മണ്‍സ് 24 റണ്‍സുമായി പുറത്താകാതെ ഡേവിഡ് വാര്‍ണര്‍ക്ക് കൂട്ടായി വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു.

മുഹമ്മദ് ഇര്‍ഫാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും ചെറിയ ലക്ഷ്യം മറികടക്കുന്നതില്‍ നിന്ന് സ്റ്റാര്‍സിനെ തടയുവാന്‍ അവര്‍ക്കായില്ല. 2 വിജയങ്ങള്‍ മാത്രമുള്ള ബാര്‍ബഡോസ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.