കരീബിയൻ പ്രീമിയർ ലീഗ് കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകുവാൻ സ്മിത്ത് പട്ടേൽ

പ്രവീൺ താംബേയ്ക്ക് ശേഷം കരീബിയൻ പ്രീമിയർ ലീഗിലേക്ക് തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ താരമാകുവാൻ ഇന്ത്യയുടെ സ്മിത്ത് പട്ടേൽ. ഇന്ത്യയുടെ 2012ലെ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു സ്മിത്ത്. കരീബിയൻ പ്രീമിയർ ലീഗിലെ ഫ്രാഞ്ചൈസിയായ ബാർബഡോസ് ട്രിഡന്റ്സ് ആണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയ്ക്ക് വേണ്ടി കളിച്ച താരം കൂടിയാണ് സ്മിത്ത് പട്ടേൽ.

2012ലെ ഫൈനലിൽ ക്യാപ്റ്റൻ ഉന്മുക്ത് ചന്ദിനൊപ്പം 130 റൺസ് കൂട്ടുകെട്ട് നേടിയ സ്മിത്തിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകം ആയിരുന്നു. മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ ഗോവ, ഗുജറാത്ത്, ത്രിപുര എന്നിവരെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്. താരം വരുന്ന അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിലും കളിക്കാനിരിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം.