
നായക പദവി ഏറ്റെടുത്ത ശേഷം തന്റെ രണ്ടാമത്തെ മത്സരത്തില്‍ ഷെയിന്‍ വാട്സണ് മിന്നുന്ന പ്രകടനലുമായി സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ചുവെങ്കിലും വിജയം മാത്രം സ്വന്തമാക്കുവാന്‍ അവര്‍ക്കായില്ല. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ സംഗക്കാര മുന്നില്‍ നിന്ന് നയിച്ച തല്ലാവാസ് 19ാം ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 74 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ ജമൈക്ക തല്ലാവാസ് സ്റ്റാര്‍സിനെ ബാറ്റിംഗിനയയ്ച്ചു. തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ഷെയിന്‍ വാട്സണ് തന്റെ ഒറ്റയാള്‍ പ്രകടനത്തിലൂടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 19ാം ഓവറില്‍ പുറത്താകുമ്പോള്‍ വാട്സണ് 7 സിക്സും 3 ബൗണ്ടറിയും സഹിതം 45 പന്തില്‍ നിന്ന് 80 റണ്‍സ് നേടുകയായിരുന്നു. ജമൈക്കയ്ക്ക് വേണ്ടി ഗാരേ മാതുരിന്, ക്രിസ്മാര്‍ സന്റോക്കി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
173 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ തല്ലാവാസിന്റെ തുടക്കം മോശമായിരുന്നു. ഗ്ലെന്‍ ഫിലിപ്പ്സ്(21), ലെന്‍ഡല്‍ സിമ്മണ്‍സ്(11) എന്നിവര്‍ അതിവേഗം പുറത്തായപ്പോള്‍ സംഗക്കാരയും ആന്‍ഡി മക്കാര്‍ത്തിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ടീമിനെ മുന്നോട്ട് നയിച്ചു. 36 റണ്‍സ് നേടിയ മക്കാര്‍ത്തിയെ വാട്സണ് പുറത്താക്കിയപ്പോള്‍ സംഗക്കാര പുറത്താകാതെ നേടിയ 74 റണ്‍സോടു കൂടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 3 സിക്സറും 9 ബൗണ്ടറിയും തന്റെ ഇന്നിംഗ്സില്‍ സംഗക്കാര സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial