പത്തോവറില്‍ വിജയം സ്വന്തമാക്കി ഗയാന

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലാവാസിനെ നിഷ്പ്രഭമാക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്. ജമൈക്ക തല്ലാവാസ് 20 ഓവറില്‍ നേടിയ സ്കോര്‍ 10.3 ഓവറില്‍ മറികടന്ന് ആമസോണ്‍ വാരിയേഴ്സ് 9 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. വെടിക്കെട്ട് അര്‍ദ്ധ ശതകങ്ങളുമായി ചാഡ്വിക് വാള്‍ട്ടണ്‍, ലൂക്ക് റോഞ്ചി എന്നിവരാണ് ആമസോണിന്റെ വിജയം എളുപ്പമാക്കിയത്. ചാ‍ഡ്വിക് വാള്‍ട്ടണാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജമൈക്ക നായകന്‍ കുമാര്‍ സംഗക്കാരയ്ക്ക് പ്രതീക്ഷിച്ച തുടക്കമലല് ലഭിച്ചത്. 26/2 എന്ന നിലയില്‍ നിന്ന് പിന്നീട് ടീമിനെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യം നായകന്റെയും ആന്‍ഡ്രേ മക്കാര്‍ത്തിയുടെയും ചുമലിലാവുകയായിരുന്നു. ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ച സംഘം ടീമിനെ 13.3 ഓവറില്‍ 105 റണ്‍സില്‍ എത്തിച്ചുവെങ്കിലും 44 റണ്‍സ് നേടിയ ആന്‍ഡ്രേ മക്കാര്‍ത്തിയെ പുറത്താക്കി റോഷോണ്‍ പ്രിമസ് ആമസോണിനു ബ്രേക്ക്ത്രൂ നല്‍കി. പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിന്റെ താളം തെറ്റിച്ചു. മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു ജമൈക്ക 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സില്‍ അവസാനിച്ചു.

സൊഹൈല്‍ തന്‍വീര്‍, റയാദ് എമ്രിറ്റ് എന്നിവരാണ് ആമസോണ്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

150 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ആമസോണിനു ആദ്യ ഓവറില്‍ തന്നെ റണ്ണൊന്നുമെടുക്കാത്ത സൊഹൈല്‍ തന്‍വീറിനെ നഷ്ടമായി. എന്നാല്‍ പിന്നീട് ജമൈക്കയ്ക്ക് മത്സരത്തില്‍ ഒരു സാധ്യതയും ഇല്ലാതാക്കുകയായിരുന്നു വാള്‍ട്ടണ്‍-റോഞ്ചി സഖ്യം. 135 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 9.3 ഓവറില്‍ അടിച്ചു കൂട്ടിയത്. 8 ബൗണ്ടറിയും 6 സിക്സും സഹിതം 40 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയപ്പോള്‍ ലൂക്ക് റോഞ്ചി 29 പന്തില്‍ 55 റണ്‍സ് നേടി. 1 വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ആമസോണ്‍ 10.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ജമൈക്കയുടെ ഓഷേന്‍ തോമസിനു മാത്രമാണ് വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial