പൊള്ളാര്‍ഡ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നായകനായി തുടരും

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ട്രിന്‍ബോഗോ നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി കീറണ്‍ പൊള്ളാര്‍ഡ് തുടരും. 2017ലും 2018ലും ടീമിനെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ഡ്വെയിന്‍ ബ്രാവോയില്‍ നിന്ന് ക്യാപ്റ്റന്‍സി പൊള്ളാര്‍ഡിലേക്ക് കഴിഞ്ഞ സീസണില്‍ എത്തുകയായിരുന്നു. ടീമിന്റെ നെറ്റ്സ് സെഷനില്‍ പരിക്കേറ്റ താരത്തിന് സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായതോടെ ക്യാപ്റ്റന്‍സി ദൗത്യം കീറണ്‍ പൊള്ളാര്‍ഡിലേക്ക് എത്തുകയായിരുന്നു.

നൈറ്റ് റൈഡേഴ്സ് പൊള്ളാര്‍ഡിന് കീഴില്‍ പ്ലേ ഓഫിലെത്തിയെങ്കിലും അവിടെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ബാര്‍ബഡോസ് ട്രിഡന്റ്സിനോട് തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ബ്രാവോ നേരത്തെ തന്നെ ക്യാപ്റ്റന്‍സി ഒഴിയുവാന്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് ടീം ഉടമയായ വെങ്കി മൈസൂര്‍ പറഞ്ഞത്.

വിന്‍ഡീസ് ടി20 നായകനായ കീറണ്‍ പൊള്ളാര്‍ഡ് തന്റെ ടീമിന്റെ ക്യാപ്റ്റനായി തുടരുന്നതില്‍ സന്തോഷമേയുള്ളുവെന്നും വെങ്കി മൈസൂര്‍ അഭിപ്രായപ്പെട്ടു. പൊള്ളാര്‍ഡിന് കീഴില്‍ കളിക്കുവാന്‍ തനിക്ക് പൂര്‍ണ്ണ സമ്മതമാണെന്നും ബ്രാവോ അറിയിച്ചിട്ടുണ്ടെന്നതും വെങ്കി വ്യക്തമാക്കി.

Advertisement