അടിച്ച് തകര്‍ത്ത് മണ്‍റോ, ട്രിന്‍ബാഗോയ്ക്ക് 46 റണ്‍സ് ജയം

കോളിന്‍ മണ്‍റോ പുറത്താകാതെ 50 പന്തില്‍ നിന്ന് നേടിയ 76 റണ്‍സിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 46 റണ്‍സ് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് 199/4 എന്ന സ്കോര്‍ നേടിയ ട്രിന്‍ബോഗോയ്ക്കെതിരെ സെയിന്റ് കിറ്റ്സിനു 153/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

മണ്‍റോയ്ക്ക് പുറമേ ബ്രണ്ടന്‍ മക്കല്ലം(35), ഡ്വെയിന്‍ ബ്രാവോ(37*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും ഷെല്‍ഡണ്‍ കോട്രെല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റും പാട്രിയറ്റ്സിനായി നേടി.

എവിന്‍ ലൂയിസ് നേടിയ അര്‍ദ്ധ ശതകം(52) മാത്രമാണ് പാട്രിയറ്റ്സ് നിരയിലെ ചെറുത്ത് നില്പ്. ഡെവണ്‍ തോമസ് 23 റണ്‍സും കാര്‍ലോസ് ബ്രാത്‍വൈറ്റ് 21 റണ്‍സും നേടി പുറത്തായി. ആന്‍ഡേഴ്സണ്‍ ഫിലിപ്പ് മൂന്നും ഫവദ് അഹമ്മദ് രണ്ടും വിക്കറ്റ് നേടി ട്രിന്‍ബാഗോ ബൗളര്‍മാരില്‍ തിളങ്ങി.