നൂറ് റണ്‍സിന്റെ ജയവുമായി ചാമ്പ്യന്മാര്‍ പടയോട്ടം ആരംഭിച്ചു

2018 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് കോളിന്‍ മണ്‍റോയുടെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിന്റെ ബലത്തിലാണ് 100 റണ്‍സ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 195/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.3 ഓവറില്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സ് പുറത്തായി.

മണ്‍റോ(68), ദിനേശ് രാംദിന്‍(50*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത്. 27 പന്തില്‍ നിന്ന് 4 സിക്സ് ഉള്‍പ്പെടെയായിരുന്നു രാംദിന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകം. കീറണ്‍ പൊള്ളാര്‍ഡ്, മിച്ചല്‍ മക്ലെനാഗന്‍, കെസ്രിക് വില്യംസ് എന്നിവര്‍ സെയിന്റ് ലൂസിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍സ് നിരയില്‍ ആരു തന്നെ 20നു മേലുള്ല സ്കോര്‍ നേടിയില്ല. ആന്‍ഡ്രേ ഫ്ലെച്ചര്‍ 19 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. നൈറ്റ് റൈഡേഴ്സിനു വേണ്ടി വേണ്ടി ഡ്വെയിന്‍ ബ്രാവോ, ഫവദ് അഹമ്മദ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial