വീണ്ടും മക്കല്ലം, നൈറ്റ് റൈഡേഴ്സിനു ജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ 24ാം മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെ മറികടന്ന് ബ്രണ്ടന്‍ മക്കല്ലം കരുത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു ജയം. 36 റണ്‍സിന്റെ വിജയം സ്വന്തമാക്കി നൈറ്റ് റൈഡേഴ്സിനായി ബ്രണ്ടന്‍ മക്കല്ലം 91 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 208 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം പിന്തുടര്‍ന്ന ജമൈക്കയ്ക്ക് 172 റണ്‍സ് മാത്രമേ നേടാനായുള്ളു. ബ്രണ്ടന്‍ മക്കല്ലം തന്നെയാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് ന്യൂസിലാണ്ട് താരങ്ങളായ ബ്രണ്ടന്‍ മക്കല്ലം, കോളിന്‍ മുണ്‍റോ എന്നിവരുടെ മികവില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടുകയായിരുന്നു. ആദ്യ പന്തില്‍ സുനില്‍ നരൈനേ നഷ്ടമായ ശേഷം 92 റണ്‍സാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ നേടിയത്. മുണ്‍റോ(42) പുറത്തായ ശേഷം ഡാരന്‍ ബ്രാവോയുമായി (28) ചേര്‍ന്ന് 63 റണ്‍സ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ക്കുവാനും മക്കല്ലത്തിനായി. 18.5 ഓവറില്‍ മക്കല്ലം പുറത്താകുമ്പോള്‍ 62 പന്തില്‍ നിന്ന് 91 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. 6 സിക്സും 5 ബൗണ്ടറിയും അടങ്ങിയ ഇന്നിംഗ്സ് ആയിരുന്നു മക്കല്ലത്തിന്റേത്. റോവമന്‍ പവല്‍, ക്രിസ്മാര്‍ സന്റോക്കി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

നായകന്‍ കുമാര്‍ സംഗക്കാര(53), ലെന്‍ഡല്‍ സിമ്മണ്‍സ്(32) എന്നിവരുട ബാറ്റിംഗ് മികവില്‍ ലക്ഷ്യം തിരിച്ചുപിടിക്കുവാനുള്ള ശ്രമം ജമൈക്ക നടത്തിനോക്കിയെങ്കിലും വിജയം അകന്ന് നിന്നു. റോവമന്‍ പവലും(30) കൂറ്റനടികളുമായി ശ്രമിച്ചു നോക്കിയെങ്കിലും താരം പുറത്തായതോടു കൂടി ജമൈക്കയുടെ സാധ്യതകള്‍ അസ്തമിക്കുകയായിരുന്നു.

അവസാന മൂന്നോവറില്‍ 58 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ജമൈക്ക തങ്ങളുടെ ഇന്നിംഗ്സ് 20 ഓവറില്‍  172/7 എന്ന നിലയില്‍ അവസാനിപ്പിച്ചു. ജാവണ്‍ സീര്‍ലെസ് നൈറ്റ് റൈഡേഴ്സിനായി 3 വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇനി കെവിന്‍ പീറ്റേഴ്സണ്‍ ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനില്ല
Next articleസ്റ്റാംഫോഡ് ബ്രിഡ്ജ് കടക്കാൻ റൂണിയും സംഘവും ഇന്ന് ലണ്ടനിൽ