
ജമൈക്ക തല്ലാവാസിനു ആവേശകരമായ വിജയം. ഇന്ന് സെയിന്റ് ലൂസിയ സ്റ്റാര്‍സുമായി നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പുറത്താകാതെ 61 റണ്‍സ് നേടിയ ആന്‍ഡ്രേ മക്കാര്‍ത്തി ജമൈക്ക തല്ലാവാസിനെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആന്‍ഡ്രേ ഫ്ലെച്ചറുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം ജമൈക്ക 4 പന്തുകള്‍ ബാക്കി നില്‍ക്കെ സ്വന്തമാക്കുകയായിരുന്നു.
ടോസ് നേടിയ സെയിന്റ് ലൂസിയ സ്റ്റാര്‍സ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ അഞ്ചോവറില്‍ 2 വിക്കറ്റുകള്‍ക്ക് 30 റണ്‍സ് എന്ന നിലയില്‍ നിന്ന് ആന്‍ഡ്രേ ഫ്ലെച്ചര്‍(84*), മര്‍ലന്‍ സാമുവല്‍സ്(54) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലേക്ക് ഉയര്‍ത്തിയത്. സാമുവല്‍സ് പുറത്താകുമ്പോള്‍ 103 റണ്‍സാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ നേടിയത്. പിന്നീട് വിക്കറ്റുകള്‍ അടിക്കടി വീണുവെങ്കിലും ഫ്ലെച്ചര്‍ പുറത്താകാതെ നിന്നു. 53 പന്തില്‍ 7 ബൗണ്ടറിയും 4 സിക്സറും അടക്കമാണ് ഫ്ലെച്ചര്‍ തന്റെ 84 റണ്‍സ് സ്വന്തമാക്കിയത്.
മുഹമ്മദ് സാമി മൂന്ന് വിക്കറ്റ്, കെസ്രിക് വില്യംസ് 2 എന്നിവരാണ് തല്ലാവാസിനു വേണ്ടി വിക്കറ്റ് നേട്ടം ആഘോഷിച്ചത്. റോവമന്‍ പവലും 2 വിക്കറ്റുകള്‍ സ്വന്തമാക്കി.
മികച്ച തുടക്കം മുതലാക്കാനാകാതെ ബുദ്ധിമുട്ടിയ തല്ലാവാസ് ബാറ്റിംഗിനു കരുത്തായി മാറുകയായിരുന്നു ആന്‍ഡ്രേ മക്കാര്‍ത്തിയുടെ ഇന്നിംഗ്സ്. ലെന്‍ഡല്‍ സിമ്മണ്‍സ്(17), ഗ്ലെന്‍ ഫിലിപ്സ്(32) എന്നിവരുടെ മിന്നും തുടക്കത്തിനു ശേഷം ചുറ്റും വിക്കറ്റുകള്‍ വീണപ്പോളും മക്കാര്‍ത്തി 33 പന്തില്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ജോനാഥന് ഫൂ(22), ഇമാദ് വസീം(18*) എന്നിവരോടൊപ്പം നിര്‍ണ്ണായകമായ കൂട്ടുകെട്ടുകള്‍ സ്വന്തമാക്കിയാണ് മക്കാര്‍ത്തി ടീമിനെ വിജയത്തിലെത്തിച്ചത്.
45 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ 61 റണ്‍സ് നേടിയ മക്കാര്‍ത്തി ടീമിനെ വിജയത്തിലെത്തിച്ചു. ഇമാദ് വസീമായിരുന്നു കൂട്ടായി ക്രീസില്‍. വെറും 37 പന്ത് മാത്രമാണ് മക്കാര്‍ത്തി തന്റെ ഇന്നിംഗ്സില്‍ നേരിട്ടത്. മൂന്ന് ബൗണ്ടറിയും 4 സിക്സറും അടങ്ങിയ ഇന്നിംഗ്സായിരുന്നു മക്കാര്‍ത്തിയുടേത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial