ലൂക്ക് റോഞ്ചി അടിച്ചു തകര്‍ത്തു, ഗയാന രണ്ടാം ക്വാളിഫയറിലേക്ക്

ജമൈക്ക തല്ലാവാസിനെ പുറത്താക്കി ഗയാന ആമസോണ്‍ വാരിയേഴ്സ് കരീബിയന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയറിലേക്ക്. രണ്ടാം ക്വാളിഫയറില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സാണ് ഗയാനയുടെ എതിരാളി. ലൂക്ക് റോഞ്ചിയുടെ 33 70 റണ്‍സാണ് 5 വിക്കറ്റ് ജയം സ്വന്തമാക്കാന്‍ ഗയാനയെ സഹായിച്ചത്. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക 20 ഓവറില്‍ 168 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം മറികടക്കാന്‍ ഗയാനയ്ക്ക് 17.5 ഓവറുകള്‍ വേണ്ടി വന്നു.
തന്റെ വെടിക്കെട്ട് പ്രകടനത്തിനു റോ‍ഞ്ചിയെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തിരിക്കുന്നത്. നാളെയാണ് രണ്ടാം ക്വാളിഫയര്‍.

കുമാര്‍ സംഗക്കാര പുറത്താകാതെ നേടിയ 57 റണ്‍സാണ് പൊരുതാവുന്ന ടോട്ടലിലേക്ക് ജമൈക്കയെ നയിച്ചത്. 38 പന്തില്‍ നിന്നാണ് സംഗക്കാര തന്റഎ 57 റണ്‍സ് നേടിയത്. ലെന്‍ഡല്‍ സിമ്മണ്‍സ്(34), ട്രെവണ്‍ ഗ്രിഫിത്ത്(20) എന്നിവരായിരുന്നു 20നു മുകളില്‍ സ്കോര്‍ നേടിയ മറ്റു ജമൈക്ക ബാറ്റ്സ്മാന്മാര്‍. പതിനഞ്ചാം ഓവര്‍ എറിഞ്ഞ റഷീദ് ഖാന്‍ ആണ് കുതിക്കുകയായിരുന്നു ജമൈക്കയ്ക്ക് തടയിട്ടത്. ആന്‍ഡ്രേ മക്കാര്‍ത്തി, ജോനാഥന്‍ ഫൂ, റോവ്മന്‍ പവല്‍ എന്നിവരെ പുറത്താക്കി റഷീദ് തന്റെ ഹാട്രിക്ക് സ്വന്തമാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ആദ്യത്തെ ഹാട്രിക്ക് നേട്ടമായിരുന്നു അത്.

റഷീദ് ഖാന്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റീവന്‍ ജേക്കബ്സ്(2), സൊഹൈല്‍ തന്‍വീര്‍, റയാദ് എമ്രിറ്റ്, റോഷോണ്‍ പ്രൈമസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 8 വിക്കറ്റ് നഷ്ടത്തിലാണ് ജമൈക്ക 168 റണ്‍സ് നേടിയത്.

pic courtesy : cplt20.com

സൊഹൈല്‍ തന്‍വീറിനെ ആദ്യമേ നഷ്ടമായെങ്കിലും ചാഡ്വിക് വാള്‍ട്ടണ്‍(39), ലൂക്ക് റോഞ്ചി എന്നിവര്‍ ഗയാനയ്ക്ക് വേഗതയേറിയ തുടക്കം ഉറപ്പാക്കി. 67 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ വാള്‍ട്ടണേ മഹമ്മദുള്ള പുറത്താക്കി. തുടര്‍ന്ന് രണ്ട് വിക്കറ്റ് കൂടി നേടി മഹമ്മദുള്ള ജമൈക്കന്‍ പ്രതീക്ഷകളെ ഉണര്‍ത്തിയെങ്കിലും ലൂക്ക് റോഞ്ചിയുടെ വെടിക്കെട്ട് എല്ലാം അസ്ഥാനത്താക്കി. 33 പന്തില്‍ നിന്ന് 5 വീതം ബൗണ്ടറിയും സിക്സും നേടിയാണ് ലൂക്ക് റോഞ്ചി തന്റെ 70 റണ്‍സ് നേടിയത്. 17ാം ഓവറില്‍ മുഹമ്മദ് ഷമി റോഞ്ചിയെ പുറത്താക്കുമ്പോള്‍ ലക്ഷ്യത്തിനു 14 റണ്‍സ് മാത്രം അകലെയായിരുന്നു ഗയാന.

അസാദ് ഫുദാദിന്‍ പുറത്താകാതെ 29 റണ്‍സ് നേടി. മഹമ്മദുള്ള മൂന്ന് വിക്കറ്റുമായി ജമൈക്കന്‍ ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial