CPL

കീമോ പോളിന്റെ ബൗളിംഗ് മികവില്‍ പാട്രിയറ്റ്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, വെടിക്കെട്ട് ബാറ്റിംഗുമായി ഹെറ്റ്മ്യര്‍

Sports Correspondent

ബൗളര്‍മാരുടെ മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ മികവാര്‍ന്ന ജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 127/8 എന്ന സ്കോറാണ് നേടിയത്. ലക്ഷ്യം പതിനേഴ് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗയാന മറികടന്നു.

മികച്ച തുടക്കത്തിന് ശേഷം സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയത് കീമോ പോളിന്റെ ബൗളിംഗ് പ്രകടനം ആണ്. എവിന്‍ ലൂയിസ് 18 പന്തില്‍ 30 റണ്‍സ് നേടി പുറത്താകുമ്പോള്‍ 5.4 ഓവറില്‍ 53/2 എന്ന നിലയിലായിരുന്ന ടീമിനെ പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി കീമോ പോള്‍ ആണ് പ്രതിസന്ധിയിലാക്കിയത്.

ബെന്‍ ഡങ്ക് 29 റണ്‍സ് നേടി. റയാദ് എമ്രിറ്റ്(17), ക്രിസ് ലിന്‍(16) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഗയാനയ്ക്ക് വേണ്ടി കീമോ പോള്‍ നാലും ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റും നേടി.

മറ്റു താരങ്ങളുടെ ബാറ്റിംഗ് പ്രകടനം മോശമായെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ 44 പന്തില്‍ നിന്നുള്ള 71 റണ്‍സാണ് ഗയാനയുടെ വിജയത്തിന്റെ അടിത്തറ. പാട്രിയറ്റ്സിന് വേണ്ടി റയാദ് എമ്രിറ്റ് മൂന്ന് വിക്കറ്റ് നേടി.