തല്ലാവാസിനു 6 വിക്കറ്റ് ജയം

സെയിന്റ് ലൂസിയ സ്റ്റാര്‍സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ജമൈക്ക തല്ലാവാസ്. 20 ഓവറില്‍ 175 റണ്‍സിനു ഓള്‍ഔട്ട് ആയ സെയിന്റ് ലൂസിയ സ്റ്റാര്‍സിനെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 2 പന്ത് ശേഷിക്കെയാണ് തല്ലാവാസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സിനു വേണ്ടി ആന്‍ഡ്രേ ഫ്ലെച്ചര്‍ (33 പന്തില്‍ 43 റണ്‍സ്), ഡാരെന്‍ സാമി(36), കീറണ്‍ പൊള്ളാര്‍ഡ്(26) ലെന്‍ഡല്‍ സിമ്മണ്‍സ്(22), കാവെം ഹോഡ്ജ്(21) എന്നിവരാണ് ലൂസിയ സ്റ്റാര്‍സിനു വേണ്ടി തിളങ്ങിയത്.

ജമൈക്ക തല്ലാവാസിനു വേണ്ടി ഒഷെയന്‍ തോമസ്, ആഡം സംപ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. ആന്‍ഡ്രേ റസ്സല്‍ രണ്ടും ക്രിഷ്മാര്‍ സാന്റോക്കി ഒരു വിക്കറ്റും നേടി.

ഗ്ലെന്‍ ഫിലിപ്പ്സ് നേടിയ അര്‍ദ്ധ ശതകമാണ് തല്ലാവാസിന്റെ വിജയത്തിനു നെടും തൂണായത്. 58 റണ്‍സാണ് ഫിലിപ്പ്സ് നേടിയത്. റോവ്മന്‍ പവല്‍ 43 റണ്‍സ് നേടി പുറത്താകാതെ നിന്നു. 23 പന്തില്‍ നിന്നാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ഫിലിപ്പ്സ് 6 സിക്സും റോവ്മന്‍ പവല്‍ 4 സിക്സും നേടി. ജോണ്‍സണ്‍ ചാള്‍സ് 31 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial