പ്ലേ ഓഫില്‍ കടന്ന് ജമൈക്ക തല്ലാവാസ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 41 റണ്‍സിനു പരാജയപ്പെടുത്തി ജമൈക്ക തല്ലാവാസ്. വിജയത്തോടെ തല്ലാവാസ് പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. 158 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ പാട്രിയറ്റ്സ് 17.5 ഓവറില്‍ 116 റണ്‍സിനു ഓള്‍ഔട്ടായി. ഓഷേന്‍ തോമസ് മൂന്ന് വിക്കറ്റ് നേട്ടവുമായി മാന്‍ ഓഫ് ദി മാച്ച് പട്ടത്തിനര്‍ഹനായി.

ഗ്ലെന്‍ ഫിലിപ്പ്സ്(31), കുമാര്‍ സംഗക്കാര(69), റോവമന്‍ പവല്‍(43) എന്നിവരുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ജമൈക്ക 157 റണ്‍സ് നേടിയത്. 26 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ റോവമന്‍ ജമൈക്ക ഇന്നിംഗ്സിനു അര്‍ഹിക്കുന്ന വേഗത നല്‍കി. ഷെല്‍ഡന്‍ കോട്രെല്‍ 2 വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ ഹില്‍ഫെനൗസ്, മുഹമ്മദ് നബി, തബ്രൈസ് ഷംസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഓവറില്‍ തന്നെ ക്രിസ് ഗെയിലിനെ(0) പുറത്താക്കി ഓഷേന്‍ തോമസ് ജമൈക്കയ്ക്ക് മികച്ച തുടക്കം നല്‍കി. എവിന്‍ ലൂയിസ്(40, 17 പന്തില്‍) മുഹമ്മദ് ഹഫീസുമായി ചേര്‍ന്ന് തിരിച്ചുവരവിനു ശ്രമിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ജമൈക്ക റണ്‍ ചേസിനു തടയിടുകയായിരുന്നു. ഓഷേന്‍ തോമസ്(3), ക്രിസ്മാര്‍ സന്റോക്കി(3), മുഹമ്മദ് ഷാമി(2) എന്നിവര്‍ ജമൈക്ക ബൗളിംഗ് നിരയില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹോംലെസ് ലോകകപ്പ് ഫുട്ബോൾ; ഇന്ത്യക്ക് മികച്ച തുടക്കം
Next articleയുഎസ് ഓപ്പണിൽ അട്ടിമറികളുടെ ദിവസം