പൊള്ളാർഡിന്റെ വെടിക്കെട്ടും മറികടന്ന് ഗയാന ആമസോൺ കരീബിയൻ ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു

കരീബിയൻ പ്രീമിയർ ലീഗിൽ തങ്ങളുടെ എട്ടാമത്തെ വിജയത്തോടെ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഗയാന ആമസോൺ വരിയേർസ്. നിലവിലെ ചാമ്പ്യന്മാരായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ 19 റൺസിന് തോൽപിച്ചാണ് ഗയാന ആമസോൺ ലീഗിൽ തങ്ങളുടെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 38 പന്തിൽ 71 റൺസ് എടുത്ത കീരൻ പൊള്ളാർഡിന്റെ വെടിക്കെട്ട് പ്രകടനത്തെ അതിജീവിച്ചാണ് ഗയാന ആമസോൺ ജയിച്ചത്. ലീഗിൽ രണ്ട് മത്സരം ബാക്കി നിൽക്കെയാണ് ഗയാന ആമസോൺ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോൺ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് എടുത്തത്. 42 പന്തിൽ 66 റൺസ് എടുത്ത ചന്ദ്രപോൾ ഹേംരാജും 38 പന്തിൽ ഹെട്മയെറും ചേർന്ന് ഗയാന ആമസോണിന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയിൽ തുടരെ തുടരെ വിക്കറ്റ് നഷ്ട്ടപ്പെട്ട് പ്രതിസന്ധിയിലായ സമയത്താണ് ഷെഫെർഡിന്റെ വെടിക്കെട്ട് പ്രകടനം അവർക്ക് തുണയായത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷെഫെർഡ് വെറും 13 പന്തിൽ നിന്നാണ് 32 റൺസ് എടുത്തത്. ഗയാനയുടെ ജയത്തിന്റെ മാർജിൻ നോക്കുമ്പോൾ ഈ റൺസാണ് അവർക്ക് ജയം നേടിക്കൊടുത്തത്.

തുടർന്ന് ബാറ്റ് ചെയ്ത ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 53 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ട്ടപെട്ട ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ ബ്രാവോയും പൊള്ളാർഡും ചേർന്ന സഖ്യമാണ് വമ്പൻ തോൽ‌വിയിൽ നിന്ന് കരകയറ്റിയത്‌. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 112 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ ഗയാന ആമസോണിൽ നിന്ന് വിജയം തട്ടിയെടുക്കാൻ അത് മതിയായിരുന്നില്ല. 46 പന്തിൽ 58 റൺസ് എടുത്ത ബ്രാവോ പുറത്താവാതെ നിന്നപ്പോൾ 38 പന്തിൽ 71 റൺസ് എടുത്ത പൊള്ളാർഡ് താഹിറിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

Previous articleബെംഗളൂരു എഫ് സിക്ക് തകർപ്പൻ മൂന്നാം ജേഴ്സി
Next articleപ്രീസീസൺ പോരിൽ ബെംഗളൂരു എഫ് സിയെ തകർത്ത് ഗോകുലം കേരള എഫ് സി!!