ക്രിസ് ഗെയിലിന്റെ ശതകം വിഫലമാക്കുന്ന അര്‍ദ്ധ ശതക പ്രകടനവുമായി എവിന്‍ ലൂയിസ്

0
ക്രിസ് ഗെയിലിന്റെ ശതകം വിഫലമാക്കുന്ന അര്‍ദ്ധ ശതക പ്രകടനവുമായി എവിന്‍ ലൂയിസ്

ക്രിസ് ഗെയിലിന്റെയും ചാഡ്വിക് വാള്‍ട്ടണിന്റെയും തീപാറും ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ജമൈക്ക തല്ലാവാസ് പടുകൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും വിജയമെന്ന മോഹം ഇല്ലാതാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. 242 റണ്‍സെന്ന വിജയ ലക്ഷ്യം 18.5 ഓവറില്‍ പാട്രിയറ്റ്സ് നേടിയപ്പോള്‍ 18 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ എവിന്‍ ലൂയിസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 4 വിക്കറ്റ് വിജയം നേടിയ പാട്രിയറ്റ്സിന് വേണ്ടി ഡെവണ്‍ തോമസ്(40 പന്തില്‍ 71), ലൗറി ഇവാന്‍സ്(20 പന്തില്‍ 41), ഫാബിയന്‍ അല്ലെന്‍(15 പന്തില്‍ പുറത്താകാതെ 37) എന്നിവര്‍ക്ക് പുറമെ 15 പന്തില്‍ 27 റണ്‍സ് നേടിയ ഷമാര്‍ ബ്രൂക്ക്സ് എന്നിവരാണ് വിജയികള്‍ക്കായി റണ്‍വേട്ട നടത്തിയത്. അതേ സമയം ജമൈക്കയ്ക്കായി ഒഷെയ്ന്‍ തോമസ് നാലും ആന്‍ഡ്രേ റസ്സല്‍ രണ്ടും വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസിന് വേണ്ടി ക്രിസ് ഗെയില്‍ 62 പന്തില്‍ നിന്ന് 116 റണ്‍സും ചാഡ്വിക്ക് വാള്‍ട്ടണ്‍ 36 പന്തില്‍ 73 റണ്‍സും നേടിയാണ് ടീമിനെ 241/4 എന്ന സ്കോറിലേക്ക് നയിച്ചത്. പാട്രിയറ്റ്സിന് വേണ്ടി ഫാബിയന്‍ അല്ലെനും അല്‍സാരി ജോസഫും രണ്ട് വീതം വിക്കറ്റ് നേടി.

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകമാണ് 17 പന്തില്‍ നിന്ന് 53 റണ്‍സ് നേടി എവിന്‍ ലൂയിസ് സ്വന്തമാക്കിയത്. എന്നാല്‍ താരം അടുത്ത പന്തില്‍ തന്നെ പുറത്താകുകയായിരുന്നു.