ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാനില്ലെന്ന് തീരുമാനിച്ച് തമീം ഇക്ബാലും മറ്റു രണ്ട് ബംഗ്ലാദേശ് താരങ്ങളും

- Advertisement -

ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് ഇല്ലെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് താരങ്ങളായ തമീം ഇക്ബാല്‍, മഹമ്മദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍. ഓഗസ്റ്റ് 18ന് ആണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറ് ദ്വീപുകളിലായി നടക്കേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റ് ഈ വര്‍ഷം ട്രിനിഡാഡില്‍ മാത്രമാവും നടക്കുക. കൊറോണ കാരണമാണ് ഈ തീരുമാനം.

ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ വേണ്ടിയാണ് തമീം ഈ വര്‍ഷം ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ചതിന് കാരണമെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മഹമ്മദുള്ള പിന്മാറിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് എന്നാരംഭിക്കുമെന്നതില്‍ വ്യക്തതയില്ലാത്തതിനാലും ബംഗ്ലാദേശിന് വേണ്ടി കളിക്കുന്നതാണ് കൂടുതല്‍ താല്പര്യമെന്നുമുള്ളതിനാലാണ് താന്‍ അവസരം നിരസിച്ചതെന്ന് മുസ്തഫിസുര്‍ വ്യക്തമാക്കി.

ടീമുകള്‍ തങ്ങളെ സമീപിച്ചിപ്പോള്‍ അസൗകര്യം അറിയിക്കുകയാണെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്. ഇതില്‍ തമീമും മഹമ്മദുള്ളയും മുമ്പും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു. താന്‍ കരാറിലെത്തുവാന്‍ ഏറെ അടുത്തിരുന്നുവെന്നും തനിക്ക് ഏറെ ഗുണകരമാകുന്ന കരാറായിരുന്നു അതെങ്കിലും വീട്ടുകാര്‍ ഈ സമയത്ത് യാത്ര ചെയ്യുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചതോടെ താന്‍ കരാര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് മഹമ്മദുള്ള വ്യക്തമാക്കി.

Advertisement