ആവേശവിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ് ഫൈനലിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്ന് നടന്ന ആദ്യ ക്വാളിഫയറില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ ആവേശകരമായ 2 വിക്കറ്റ് വിജയമാണ് ഗയാന സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റഅ റൈഡേഴ്സിനു നിശ്ചിത 20 ഓവറില്‍ നിന്ന് 122/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഗയാന 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 39 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കളിയിലെ താരമായി മാറിയപ്പോള്‍ 17 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് നിര്‍ണ്ണായക പ്രകടനം ഗയാനയ്ക്കായി പുറത്തെടുത്തു. സൊഹൈല്‍ തന്‍വീര്‍(10*), റൊമാരിയോ ഷെപ്പേര്‍ഡ്(13*) എന്നിവര്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോയ്ക്ക് തിരിച്ചടിയായത് ടോപ് ഓര്‍ഡറിന്റെ തകര്‍ച്ചയായിരുന്നു. സുനില്‍ നരൈന്‍, കോളിന്‍ മണ്‍റോ എന്നിവരെ പുറത്താക്കിയ ക്രിസ് ഗ്രീനിന്റെ സ്പെല്‍ ഗയാനയ്ക്ക് നിര്‍ണ്ണായകമായി. 4 ഓവറില്‍ 8 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ക്രിസ് ഗ്രീന്‍ തന്റെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ വാലറ്റത്തില്‍ കോളിന്‍ ഇന്‍ഗ്രാം(25), ഡാരെന്‍ ബ്രാവോ(24), ഡ്വെയിന്‍ ബ്രാവോ(22) എന്നിവരുടെ മികവില്‍ ട്രിന്‍ബാഗോ 122 റണ്‍സിലേക്ക് എത്തുകയായിരുന്നു.

ക്രിസ് ഗ്രീനിനു പുറമെ സൊഹൈല്‍ തന്‍വീര്‍, റയാദ് എമ്രിറ്റ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റ് നേടി. പരാജയപ്പെട്ടുവെങ്കിലും ട്രിന്‍ബാഗോയ്ക്ക് ഒരവസരം കൂടി ഫൈനലിലേക്ക് എത്തുവാനായി ലഭിക്കും എന്നതില്‍ ആശ്വസിക്കാം.