ഒടുവില്‍ പാട്രിയറ്റ്സ് വീണു ഫൈനലില്‍, ചെപ്പോക്ക് രണ്ടാം സീസണിലെ ചാമ്പ്യന്മാര്‍

നാല് തവണ ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോളും സാധിക്കാതിരുന്നത് സാധ്യമാക്കി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. അതും ഏറ്റവും നിര്‍ണ്ണായകമായ ഫൈനല്‍ മത്സരത്തില്‍ തന്നെ. രണ്ടോവറില്‍ 22 റണ്‍സ് എന്ന നിലയില്‍ ആവേശകരമായ രീതിയില്‍ മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ 19ാം ഓവര്‍ എറിഞ്ഞ വാഷിംഗ്ടണ്‍ സുന്ദറിനെ നാല് തവണ അതിര്‍ത്തി കടത്തി സത്യമൂര്‍ത്തി ശരവണനും നായകന്‍ രാജഗോപാല്‍ സതീഷും ചേര്‍ന്ന് ടീമിനെ തങ്ങളുടെ ആദ്യ ടിഎന്‍പിഎല്‍ കിരീടത്തിനു അര്‍ഹരാക്കുകയായിരുന്നു. സത്യമൂര്‍ത്തി ശരവണന്‍ ആണ് കളിയിലെ താരം. ടൂട്ടി പാട്രിയറ്റ്സിന്റെ വാഷിംഗ്ടണ്‍ സുന്ദര്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടൂട്ടി പാട്രിയറ്റ്സിനു പതിവിനു വിപരീതമായി മികച്ച റണ്‍സ് കണ്ടെത്താനായില്ല. വാഷിംഗ്ടണ്‍ സുന്ദറും(14), കൗശിക് ഗാന്ധിയും(24) വേഗം മടങ്ങിയപ്പോള്‍ അഭിനവ് മുകുന്ദ് മാത്രമാണ് പിടിച്ച് നിന്നത്. മുകുന്ദ് 41 റണ്‍സ് നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക്(17), എസ്പി നാഥന്‍ എന്നിവരെല്ലാം(16) വേഗത്തില്‍ പുറത്തായി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സേ പാട്രിയറ്റ്സിനു നേടാനായുള്ളു.

രവിശ്രീനിവാസന്‍ സായി കിഷോര്‍, അരുണ്‍ കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അലക്സാണ്ടര്‍, സതീഷ് എന്നിവരും ഓരോ വിക്കറ്റ് നേടി. രണ്ട് പാട്രിയറ്റ്സ് ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെപ്പോക്കിനു ഗോപിനാഥ് മികച്ച തുടക്കമാണ് നല്‍കിയത്. സര്‍ഗുണം(16), എസ് കാര്‍ത്തിക്(16) എന്നിവരെ നഷ്ടമായെങ്കിലും 38 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച ഗോപിനാഥ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 72/1 എന്ന നിലയില്‍ നിന്ന് 93/4 എന്ന നിലയിലേക്ക് നിയന്ത്രിക്കപ്പെട്ടുവെങ്കിലും ജയിക്കുവാന്‍ വേണ്ട അടിത്തറ ഉണ്ടാക്കിയ ശേഷമാണ് ഗോപിനാഥ് മടങ്ങിയത്. തുടര്‍ന്ന് നിര്‍ണ്ണായകമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ഒത്തുചേര്‍ന്ന രാജഗോപാല്‍ സതീഷ്(23*)-സത്യമൂര്‍ത്തി ശരവണന്‍(23*) എന്നിവരുടെ കൂറ്റനടികള്‍ ചെപ്പോക്കിനെ ആദ്യ കിരീടത്തിലേക്ക് എത്തിക്കുകയായിരുന്നു.

12 പന്തില്‍ 22 എന്ന ലക്ഷ്യം തേടി ഇറങ്ങിയ ചെപ്പോക്കിനെ 6 പന്ത് ബാക്കി നില്‍ക്കെ വിജയത്തിലെത്തിച്ചത് സത്യമൂര്‍ത്തിയുടെ പ്രഹരങ്ങളായിരുന്നു. വെറും 10 പന്തിലാണ് ശരവണന്‍ പുറത്താകാതെ 23 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ സതീഷ് 16 പന്തില്‍ നിന്ന് അതേ സ്കോര്‍ നേടി. പാട്രിയറ്റ്സിനായി അതിശയരാജ് ഡേവിഡ്സണ്‍ 2 വിക്കറ്റ് നേടിയപ്പോള്‍ സുന്ദറും ശ്രീനിവാസനും ഓരോ വിക്കറ്റ് നേടി.

Pic Courtesy : @supergillies

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകരീബിയന്‍ സംഘത്തിനു തിരിച്ചടി
Next articleജർമ്മൻ കപ്പിൽ ബയേൺ മ്യൂണിക്കും ലെപ്സിഗും നേർക്ക് നേർ