ബ്രെണ്ടൻ കിംഗിന്റെ സെഞ്ചുറിയിൽ ഫൈനൽ ഉറപ്പിച്ച് ആമസോൺ വാരിയേഴ്‌സ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വെടിക്കെട്ട് പ്രകടനത്തോടെ സെഞ്ചുറി നേടിയ ബ്രെണ്ടൻ കിംഗിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ കരീബിയൻ പ്രീമിയർ ലീഗിൽ ഫൈനൽ ഉറപ്പിച്ച് ഗയാന ആമസോൺ വാരിയേഴ്‌സ്. ബാർബഡോസ് ട്രൈഡന്റ്സിനെയാണ് വാരിയേഴ്‌സ് 30 റൺസിന് തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ചത്. ഇതുവരെ ടൂർണമെന്റിൽ കളിച്ച മുഴുവൻ മത്സരങ്ങളും ജയിച്ചാണ് ആമസോൺ വാരിയേഴ്‌സ് ഫൈനൽ ഉറപ്പിച്ചത്. ബാർബഡോസ് അടുത്ത മത്സരത്തിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടും. ഇതിലെ വിജയികളാവും ഫൈനലിൽ ആമസോൺ വാരിയേഴ്സിന്റെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്ത ആമസോൺ വാരിയേഴ്‌സ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടിയത്. 72 പന്തിൽ 132 റൺസ് എടുത്ത കിംഗിന്റെ പ്രകടനത്തിന് പിന്നാലെ 23 പന്തിൽ 27 റൺസ് എടുത്ത ഹേംരാജും 19 പന്തിൽ 32 റൺസ് എടുത്ത ക്യാപ്റ്റൻ ഷൊഹൈബ് മാലിക്കും
വാരിയേഴ്‌സ് സ്കോർ 218ൽ എത്തിക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ബാർബഡോസ് ട്രൈഡന്റ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് മാത്രമാണ് എടുത്തത്. ബാർബഡോസിന് വേണ്ടി 26 പന്തിൽ 49 റൺസ് എടുത്ത കാർട്ടറും 15 പന്തിൽ 29 റൺസ് എടുത്ത ഹോൾഡറും 19 പന്തിൽ 36 റൺസ് എടുത്ത ഹെയ്ൽസും പൊരുതി നോക്കിയെങ്കിലും ജയം നേടാനായില്ല.