സൂക്ക്സിനെയും വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, അര്‍ദ്ധ ശതകം നേടി ഹെറ്റ്മ്യര്‍

- Advertisement -

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സെയിന്റ് ലൂസിയ സൂക്ക്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയമാണ് ടീം കരസ്ഥമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ സൂക്ക്സിനൊപ്പമെത്തിയ ഗയാന റണ്‍റേറ്റിന്റെ മികവില്‍ രണ്ടാം സ്ഥാനത്തേക്കെത്തി. ഇരു ടീമുകള്‍ക്കും പത്ത് പോയിന്റാണുള്ളത്.

ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് വേണ്ടി ടോപ് ഓര്‍ഡറില്‍ 13 പന്തില്‍ 21 റണ്‍സുമായി റഖീം കോണ്‍വാല്‍ തിളങ്ങിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ യഥേഷ്ടം വീഴുകയായിരുന്നു. വാലറ്റത്തില്‍ ജാവെല്ലേ ഗ്ലെന്നും(23*) സ്കോട്ട് കുജ്ജെലൈനും(13*) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 33 റണ്‍സാണ് ടീമിനെ 7 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സിലേക്ക് നയിച്ചത്. ഗയാനയ്ക്ക് വേണ്ടി നവീന്‍ ഉള്‍ ഹക്കും കീമോ പോളും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന്‍ താഹിര്‍ തന്റെ നാലോവറില്‍ വെറും 10 റണ്‍സാണ് വിട്ട് നല്‍കിയത്. ഒരു വിക്കറ്റും നേടി.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പുറത്താകാതെ 36 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയാണ് ഗയാനയുടെ വിജയം എളുപ്പമാക്കിയത്. 13.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഗയാന വിജയം കരസ്ഥമാക്കിയത്. ചന്ദ്രപോള്‍ ഹേംരാജ് 26 റണ്‍സ് നേടി.

Advertisement