അവസാന പന്തില്‍ ജയിക്കുവാന്‍ നാല് റണ്‍സ്, ബൗണ്ടറി നേടി ടിസിഎസിന് രണ്ട് വിക്കറ്റ് ജയം സമ്മാനിച്ച് ഷാജി

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റില്‍ ആവേശകരമായ വിജയം നേടി ടിസിഎസ് ലിമിറ്റഡ്. ഇന്നലെ നടന്ന അത്യന്തം ആവേശകരമായ മത്സരത്തില്‍ അവസാന പന്തില്‍ ജയിക്കുവാന്‍ നാല് റണ്‍സ് വേണ്ടപ്പോളാണ് ബൗണ്ടറി നേടി ടിസിഎസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഐസിഐസിഐ ബാങ്ക് 98/9 എന്ന സ്കോറാണ് നേടിയത്.

അവസാന ഓവറുകളില്‍ അരുണ്‍ കുമാറിന്റെ പ്രകടനം ആണ് ഐസിഐസിഐയെ 98 റണ്‍സിലേക്ക് എത്തിച്ചത്. 25 പന്തില്‍ നിന്ന് 31 റണ്‍സ് അരുണ്‍ കുമാര്‍ നേടിയപ്പോള്‍ മുഹമ്മദ് സല്‍മാന്‍(15), ചിത്രദേവ്(14) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ടിസിഎസിനായി ഷാജി 4 വിക്കറ്റും ഹരിശങ്കര്‍ രണ്ട് വിക്കറ്റും നേടി.

ചേസിംഗിനിറങ്ങിയ ടിസിഎസിനും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ആല്‍ബിന്‍ ആന്റണ്‍ (16) ടോപ് സ്കോറര്‍ ആയപ്പോള്‍ ഹരിശങ്കര്‍(14), അനിരുദ്ധന്‍(13), ടോമിയോ മാത്യു(13), വീടി അനീഷ്(12) എന്നിവര്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് കൈവശം ഇരിക്കെ ജയിക്കുവാന്‍ 8 റണ്‍സ് വേണ്ടിയിരുന്ന ടിസിഎസിന് ആദ്യ പന്തില്‍ തന്നെ എസ് ഹരിശങ്കറുടെ വിക്കറ്റ് നഷ്ടമായി. ലക്ഷ്യം അവസാന പന്തില്‍ നാലായി മാറിയപ്പോള്‍ ഷാജി ബൗണ്ടറി നേടി ടീമിനെ രണ്ട് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ചിത്രദേവ് സല്‍മാന്‍ മൂന്നും സൂരജ് സുരേന്ദ്രന്‍ രണ്ടും വിക്കറ്റ് നേടി ഐസിഐസിഐയ്ക്കായി ബൗളിംഗില്‍ തിളങ്ങി.

Advertisement