ഫിനസ്ട്രയെ പരാജയപ്പെടുത്തി ഗൈഡ്ഹൗസ്

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി ഗൈഡ്ഹൗസ്. ഇന്ന് നടന്ന മത്സരത്തില്‍ ഫിനസ്ട്രയ്ക്കെതിരെ ടീം 23 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗൈഡ്ഹൗസ് 6 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 147 റണ്‍സാണ് നേടിയത്. 42 റണ്‍സ് നേടിയ ഷാനവാസ് ഖാന്റെയും 29 റണ്‍സ് നേടിയ റൂബന്‍ ക്രിസ്റ്റഫറിന്റെയും പ്രകടനങ്ങളാണ് ടീമിന് തുണയായത്. ഓപ്പണിംഗ് വിക്കറ്റില്‍ 10.1 ഓവറില്‍ 78 റണ്‍സ് നേടിയ ശേഷമാണ് ഗൈഡ്ഹൗസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായത്. സുബിന്‍ ദാസ് ഒരേ ഓവറില്‍ ഓപ്പണര്‍മാരായ ഷാനവാസ് ഖാനെയും വിഷ്ണു ഭരത്തിനെയും(16) പുറത്താക്കുകയായിരുന്നു. ഫിനസ്ട്രയ്ക്ക് വേണ്ടി വിഷ്ണു സുധാകര്‍ മൂന്നും സുബിന്‍ ദാസ് രണ്ടും വിക്കറ്റ് നേടുകയായിരുന്നു.

148 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഫിനസ്ട്രയ്ക്കായി ശിവ തേജ ഓപ്പണിംഗ് ഇറങ്ങി 46 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ശിവയ്ക്ക് ലഭിയ്ക്കാതെ വന്നതോടെ ഫിനസ്ട്രയുടെ ചേസിംഗിന്റെ താളം തെറ്റി. 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സേ ടീമിന് നേടാനായുള്ളു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുമായി ഗൈഡ്ഹൗസ് ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

93/2 എന്ന നിലയില്‍ നിന്ന് 107/9 എന്ന നിലയിലേക്ക് ഫിനസ്ട്ര വീണതോടെ ടീമിന് മത്സരത്തില്‍ സാധ്യതയില്ലാതായി. 14 റണ്‍സ് നേടുന്നതിനിടെയാണ് ടീമിന് 7 വിക്കറ്റുകള്‍ നഷ്ടമായത്. ഗൈഡ്ഹൗസിനായി ഷിബിന്‍ സതീഷന്‍ മൂന്നും അനീഷ് രണ്ടും വിക്കറ്റ് നേടി.

Advertisement