ആശ്വാസ ജയവുമായി ഓസ്ട്രേലിയ

- Advertisement -

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ അവസാന ടെസ്റ്റില്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം ഇന്നിംഗ്സില്‍ 127 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 7 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. വേഗതയേറിയ ബാറ്റിംഗ് കാഴ്ച വെച്ച ഡേവിഡ് വാര്‍ണറാണ് ഓസ്ട്രേലിയന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. 34 റണ്‍സോടു കൂടി മാറ്റ് റാന്‍ഷോയും 40 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും മികച്ച രീതിയില്‍ ബാറ്റ് വീശി.

നേരത്തെ 194/6 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര 250നു ഓള്‍ഔട്ട് ആവുകയായിരുന്നു.സ്കോര്‍ 201ലെത്തിയപ്പോള്‍ ഡി കോക്കിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. വെറോണ്‍ ഫിലാന്‍ഡര്‍ സ്റ്റീഫന്‍ കുക്കിനു മികച്ച പിന്തുണ നല്‍കിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്ക് ഫിലാന്‍ഡറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. സ്കോര്‍ 250ല്‍ നില്‍ക്കെ ഏഴ് റണ്‍സെടുത്ത റബാഡയെ ഹാസല്‍വുഡ് പുറത്താക്കി. തന്റെ ടെസ്റ്റ് ശതകം തികച്ച കുക്ക്(104) നെ സ്റ്റാര്‍ക്ക് പുറത്താക്കിയതോടു കൂടി ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 250ല്‍ അവസാനിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റും നഥാന്‍ ലയോണ്‍ മൂന്ന് വിക്കറ്റും നേടി. ഹാസല്‍വുഡ് 2 ജാക്സണ്‍ ബേഡ് 1 എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം നേടിയ മറ്റു ബൗളര്‍മാര്‍.

127 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഡേവിഡ് വാര്‍ണര്‍ മാറ്റ് റാന്‍ഷോ സഖ്യത്തില്‍ വാര്‍ണറായിരുന്നു കൂടുതല്‍ അപകടകകാരി. എന്നാല്‍ ഷംസി എറിഞ്ഞ 19ാം ഓവര്‍ ഓസ്ട്രേലിയയുടെ മേല്‍ക്കൈ തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഡേവിഡ് വാര്‍ണര്‍(47) റണ്‍ഔട്ട് ആവുകയും രണ്ട് പന്തുകള്‍ക്ക് ശേഷം ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറിയുടമ ഉസ്മാന്‍ ഖ്വാജ പൂജ്യത്തിനു പുറത്തായതും ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. എന്നാല്‍ റാന്‍ഷോയോടൊപ്പം ചേര്‍ന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവെക്കുകയായിരുന്നു. 34 റണ്‍സ് നേടിയ റാന്‍ഷോ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഉസ്മാന്‍ ഖ്വാജയാണ് പ്ലേയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement