ആശ്വാസ ജയവുമായി ഓസ്ട്രേലിയ

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ടി20യില്‍ ആശ്വാസ ജയവുമായി ഓസ്ട്രേലിയ. 41 റണ്‍സിനാണ് ആതിഥേയര്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്. ആദ്ം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 187 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 146 റണ്‍സിനു ഓള്‍ഔട്ട് ആയി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ആഡം സംബയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ താരമായി അസേല ഗുണരത്നയേ തിരഞ്ഞെടുത്തു. മൈക്കല്‍ ക്ലിംഗര്‍(62), ആരോണ്‍ ഫിഞ്ച്(53) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. ദില്‍ഷന്‍ മുനവേരയാണ്(37) ശ്രീലങ്കയുടെ ടോപ് സ്കോറര്‍. പരമ്പര നേരത്തെ തന്നെ ശ്രീലങ്ക സ്വന്തമാക്കിയിരുന്നു.

ഫിഞ്ച് – ക്ലിംഗര്‍ കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ 79 റണ്‍സാണ് സ്വന്തമാക്കിയത്. 32 പന്തില്‍ 53 റണ്‍സ് തികച്ച ഫിഞ്ചായിരുന്നു കൂടുതല്‍ അപകടകാരി. ബെന്‍ ഡങ്ക്(28) കൂട്ടുപിടിച്ച് ക്ലിംഗര്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. ട്രാവിസ് ഹെഡ്ഡും(30) ശ്രദ്ധേയമായ സംഭാവന നല്‍കി. 18.3 ഓവറില്‍ മൈക്കല്‍ ക്ലിംഗര്‍ പുറത്താകുമ്പോള്‍ ഓസീസ് സ്കോര്‍ 180 ആയിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ അടിക്കടി വീണതിനാല്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് മാത്രമേ അവര്‍ക്ക് നേടാനായുള്ളു. ലസിത് മലിംഗ്, ദസുണ്‍ ഷനക എന്നിവര്‍ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ വിക്കറ്റുകള്‍ നിരന്തരം നഷ്ടമായത് അവര്‍ക്ക് തിരിച്ചടിയായി. ദില്‍ഷന്‍ മുനവേര(37), മിലിന്ദ സിരിവര്‍ദ്ധന(35) എന്നിവരൊഴികെ മറ്റാര്‍ക്കും തന്നെ കൂടുതല്‍ സമയം നിലയുറപ്പിക്കുവാന്‍ സാധിച്ചില്ല. 18ാം ഓവറില്‍ 146 റണ്‍സിനു ശ്രീലങ്ക ഓള്‍ഔട്ട് ആവുകയായിരുന്നു. ജെയിംസ് ഫോക്നര്‍, ആഡം സംബ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജൈ റിച്ചാര്‍ഡ്സണ്‍, ട്രാവിസ് ഹെഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement