Westindies

ഇന്ത്യയ്ക്ക് കാലിടറി, വിന്‍ഡീസിന് 6 വിക്കറ്റ് വിജയം

രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കാലിടറി. ഇന്ത്യയ്ക്കെതിരെ മത്സരത്തിൽ 6 വിക്കറ്റ് വിജയം ആണ് വെസ്റ്റിന്‍ഡീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നൽകിയതെങ്കിലും പിന്നീട് ഇന്ത്യയുടെ ബാറ്റിംഗ് തകരുകയായിരുന്നു.

ഇഷാന്‍ കിഷന്‍(55) – ശുഭ്മന്‍ ഗിൽ(34) കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 90 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ഇന്ത്യ 113/5 എന്ന നിലയിലേക്ക് തകരുന്നതാണ് കണ്ടത്. സൂര്യകുമാര്‍ യാദവ്(24), ശര്‍ദ്ധുൽ താക്കൂര്‍(16) എന്നിവര്‍ പൊരുതി നിന്നാണ് ഇന്ത്യയെ 181 റൺസിലേക്ക് എത്തിച്ചത്. ടീം 40.5 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. വെസ്റ്റിന്‍ഡീസിനായി ഗുദികേഷ് മോട്ടിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വീതം വിക്കറ്റും അൽസാരി ജോസഫ് രണ്ട് വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസിന്റെ വിജയം ഒരുക്കിയത് ക്യാപ്റ്റന്‍ ഷായി ഹോപ് നേടിയ അര്‍ദ്ധ ശതകം ആയിരുന്നു. താരം 63 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ കെയ്സി കാര്‍ട്ടി 48 റൺസുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം 36.4 ഓവറിലൊരുക്കി. 36 റൺസ് നേടിയ കൈൽ മയേഴ്സ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.

ഇന്ത്യയ്ക്കായി ശര്‍ദ്ധുൽ താക്കൂര്‍ 3 വിക്കറ്റ് നേടിയെങ്കിലും വിന്‍ഡീസ് വിജയം തടയാന്‍ താരത്തിനുമായില്ല.

Exit mobile version