സികെ നായിഡു ട്രോഫി: കൂറ്റന്‍ വിജയവുമായി കേരളം , തകര്‍ത്തത് മുംബൈയെ

മുംബൈയില്‍ നടന്ന സികെ നായിഡു ട്രോഫി U23 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മുംബൈയ്ക്കെതിരെ 273 റണ്‍സ് വിജയവുമായി കേരളം. ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്റെ വിജയം. ആദ്യ ഇന്നിംഗ്സില്‍ 171 റണ്‍സിനു പുറത്തായ കേരളത്തിനെതിരെ മുംബൈ 221 റണ്‍സിനു പുറത്താകുമ്പോള്‍ 50 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ വിഷ്ണു വിനോദ്(85) സല്‍മാന്‍ നിസാര്‍(110) ഫാബിദ് അഹമ്മദ്(116*) എന്നിവരുടെ മികവില്‍ 415/8 എന്ന സ്കോറില്‍ കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 366 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 92 റണ്‍സ്സെടുക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. കേരളത്തിനു വേണ്ടി ഫാബിദ് അഹമ്മദ് 5 വിക്കറ്റും ആതിഫ് ബിന്‍ അഷ്റഫ് 3 വിക്കറ്റും നേടി. ആതിഫ് ആദ്യ ഇന്നിംഗ്സില്‍ 4 വിക്കറ്റ് നേടിയിരുന്നു.

മത്സരത്തില്‍ നിന്നു 6 പോയിന്റുകള്‍ കേരളം സ്വന്തമാക്കി. ഒക്ടോബര്‍ 31നു ഹൈദ്രാബാദുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.