Kerala ck naidu

സി.കെ നായിഡു: മഹാരാഷ്ട്രയ്ക്ക് 173 റണ്‍സിന്റെ ലീഡ്

സി.കെ നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് 173 റണ്‍സിന്റെ ലീഡ്. രണ്ടാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച മഹാരാഷ്ട്ര കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ എസ്.എസ് നലാവദെയുടെ ഇരട്ട സെഞ്ച്വറി മികവിലാണ് മഹാരാഷ്ട്ര ലീഡ് നേടിയത്. 280 പന്ത് നേരിട്ട നലാവദെ പുറത്താകാതെ 201 റണ്‍സെടുത്തു. ഒരു സിക്‌സും 25 ഫോറും ഉള്‍പ്പെടുന്നതാണ് നലാവദെയുടെ ഇന്നിങ്‌സ്.

നാലാമനായി ബാറ്റിങ്ങിനിറങ്ങിയ അര്‍ഷിന്‍ കുല്‍കര്‍ണി 116 പന്തില്‍ നിന്ന് 93 റണ്‍സെടുത്തപ്പോള്‍ കൗശല്‍ എസ് തമ്പെയും അര്‍ദ്ധ സെഞ്ച്വറി കരസ്ഥമാക്കി. അഭിജിത്ത് പ്രവീണ്‍, കിരണ്‍ സാഗര്‍, ഷോണ്‍ റോജര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 13 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് അഭിജിത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. കിരണ്‍ സാഗര്‍ 104 വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷോണ്‍ 66 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 93 റണ്‍സെടുത്ത അര്‍ഷിന്‍ കുല്‍കര്‍ണി, ഏഴാമനായി ഇറങ്ങിയ ആര്‍.എസ് ഹഡ്‌കെ എന്നിവരുടെ വിക്കറ്റാണ് കിരണ്‍ സാഗര്‍ വീഴ്ത്തിയത്. കൗശല്‍, എ.എ പവാര്‍ എന്നിവരെ ഷോണും ഓപ്പണര്‍ യാഷ് ബൊരാമണി, ദിഗ്‌വിജയ് പട്ടേല്‍ എന്നിവരെ അഭിജിത്ത് പ്രവീണും പുറത്താക്കി.

Exit mobile version