മേഘാലയ: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ മേഘാലയക്കെതിരെ കേരളം ശക്തമായ നിലയിൽ. 251 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ മേഘാലയ, രണ്ടാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലാണ്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ മേഘാലയയ്ക്ക് ഇനി 205 റൺസ് കൂടി വേണം. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 357 റൺസിന് അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ വരുൺ നായനാരുടെ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
രണ്ട് വിക്കറ്റിന് 168 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് വരുൺ നായനാരുടെയും ഷോൺ റോജറുടെയും ഇന്നിങ്സുകളാണ് കരുത്തുപകർന്നത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തു. 102 റൺസെടുത്ത വരുൺ ക്ലീൻ ബൗൾഡാവുകയായിരുന്നു. ഷോൺ റോജർ 62 റൺസ് നേടി.
തുടർന്നെത്തിയവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ക്യാപ്റ്റൻ അഭിജിത് പ്രവീൺ (22), പവൻ ശ്രീധർ (14), ഹൃഷികേശ് (19), ജിഷ്ണു (0), കൈലാസ് ബി. നായർ (1), എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. വാലറ്റത്ത് 21 റൺസുമായി പുറത്താകാതെ നിന്ന ജെ.എസ്. അനുരാജിൻ്റെ പ്രകടനമാണ് കേരളത്തിൻ്റെ സ്കോർ 350 കടത്തിയത്. പവൻ രാജ് 14 റൺസെടുത്തു. ആറ് വിക്കറ്റ് വീഴ്ത്തിയ മനീഷാണ് മേഘാലയയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ഒൻപത് റൺസെടുത്ത രോഹിതിനെ പുറത്താക്കി അഭിജിത് പ്രവീണാണ് മേഘാലയയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. 28 റൺസെടുത്ത അവിനാഷ് റായിയെ ജെ.എസ്. അനുരാജും, ജോസിയ മോമിനെ ജിഷ്ണുവും, ആഷിഫ് ഖാനെ കൈലാസ് ബി. നായരും പുറത്താക്കി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലാണ് മേഘാലയ. ക്യാപ്റ്റൻ കെവിൻ ക്രിസ്റ്റഫർ ഒൻപത് റൺസുമായി ക്രീസിലുണ്ട്.