ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റ്: ആവേശകരമായ അന്ത്യത്തിലേക്ക്

- Advertisement -

ന്യൂസിലാണ്ട് പാക്കിസ്ഥാന്‍ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. രണ്ട് ദിവസത്തെ കളി ശേഷിക്കേ രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാനു 62 റണ്‍സ് ലീഡാണ് ഉള്ളത്. 3 വിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ടെസ്റ്റില്‍ ഇതുവരെ ബൗളര്‍മാരുടെ വ്യക്തമായ ആധിപത്യമാണ് കാണുവാന്‍ കഴിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ 133നു പുറത്തായ പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാണ്ടിനെ 200നു ഓള്‍ഔട്ട് ആക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ 93/3 എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ 105/7 എന്ന നിലയിലേക്ക് തകരുകയായിരുന്നു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ സൊഹൈല്‍ ഖാനും(22*) അസാദ് ഷഫീക്കുമാണ് (6*) ക്രീസില്‍.

104/3 എന്ന രണ്ടാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടില്‍ ആദ്യമേ തന്നെ ഹെന്‍റി നികോളസിനെയും ജീത് രാവലിനെയും നഷ്ടമായി. ആറാം വിക്കറ്റില്‍ കോളിന്‍ ഗ്രാന്‍ഡോമും(29) വാട്ളിംഗും(18) ചെറുത്തു നില്പിന്റെ സൂചനകള്‍ പ്രകടമാക്കിയെങ്കിലും അവ ഏറെനേരം നീണ്ടു നിന്നില്ല. സ്കോര്‍ 146ല്‍ നില്‍ക്കെ ഗ്രാന്‍ഡോമിനെ ന്യൂസിലാണ്ടിനു നഷ്ടമായി. അതെ സ്കോറില്‍ ടോഡ് അസ്ലെയെ പുറത്താക്കി രാഹത് അലി പാക്കിസ്ഥാനു 7ാം വിക്കറ്റ് സമ്മാനിച്ചു. വാലറ്റത്തില്‍ ടിം സൗത്തിയും നീല്‍ വാഗ്നറും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്പാണ് ന്യൂസിലാണ്ടിനെ 200 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 67 റണ്‍സ് ലീഡ് ന്യൂസിലാണ്ട് സ്വന്തമാക്കിയിരുന്നു. നാല് വിക്കറ്റുകളോടെ രാഹത് അലിയും മൂന്ന് വിക്കറ്റുകള്‍ വീതം നേടി മുഹമ്മദ് അമീറും സൊഹൈല്‍ ഖാനും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

ഓപ്പണര്‍ സമി അസ്ലമിനെ (7) പുറത്താകുമ്പോള്‍ പാക്കിസ്ഥാന്‍ 17 ഓവറുകള്‍ കളിച്ചിരുന്നെങ്കിലും വെറും 21 റണ്‍സാണ് നേടാനായത്. ന്യൂസിലാണ്ട് പേസ് ബൗളര്‍മാര്‍ക്ക് അവസരങ്ങള്‍ നല്‍കരുത് എന്ന ഒരു നയമായിരുന്നു പാക്കിസ്ഥാന്‍ കൈകൊണ്ടത്. ബാബര്‍ അസമാണ് (29) ഇന്നിംഗ്സിനു ചെറിയൊരു വേഗത നല്‍കിയത്. യൂനിസ് ഖാന്‍ ഒരു റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ നാലാംവിക്കറ്റില്‍ മിസ്ബയും(13) അസ്ഹര്‍ അലിയും ചേര്‍ന്ന് സ്കോര്‍ 93ല്‍ എത്തിച്ചിരുന്നു. ഇരുവരും തുടരെ നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്‍ 93/5 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തന്റെ 31 റണ്‍സിനായി അസ്ഹര്‍ അലി 173 പന്തുകള്‍ നേരിട്ടിരുന്നു. സര്‍ഫ്രാസ് അഹമ്മദിനെയും മുഹമ്മദ് അമീറിനെയും നഷ്ടമായതോടു കൂടി പാക്കിസ്ഥാന്‍ 105/7 എന്ന നിലയിലേക്ക് പതിച്ചു. അവിടുന്നു സൊഹൈല്‍ ഖാന്റെ കൂറ്റനടികളാണ് മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 129 എന്ന സ്കോറിലേക്ക് പാക്കിസ്ഥാനെ നയിച്ചത്.

ന്യൂസിലാണ്ടിനായി ട്രെന്റ് ബൗള്‍ട്ട് മൂന്നും നീല്‍ വാഗ്നര്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ടിം സൗത്തീം കോളിന്‍ ഗ്രാന്‍ഡോമും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Advertisement