ക്രിസ് വോക്‌സ് – Underrated, But Consistent

- Advertisement -

ഓൾ റൗണ്ടർമാരുടെ പേരെടുത്താൽ എളുപ്പമൊന്നും കേൾക്കാത്ത പേരാണ് ക്രിസ് വോക്സ്. ഇംഗ്ലണ്ടിന് വേണ്ടി ശക്തമായ പ്രകടനങ്ങൾ നടത്തുമ്പോഴും ബെൻ സ്റ്റോക്സ് എന്ന “പോപ്പുലർ-ഫിഗറിന്” പിന്നിൽ നിൽക്കാനാണ് വോക്‌സിന്റെ യോഗം. എന്തിന് പറയണം, ഇംഗ്ലീഷ് ക്രിക്കറ്റ് കാര്യമായ പിന്തുടരാത്ത പലരും മൊയീൻ അലിക്ക് ഒരു ഓൾ റൗണ്ടർ എന്ന നിലയിൽ നൽകുന്ന ബഹുമാനം പോലും വോക്‌സിന് നൽകാത്തവർ ഉണ്ട്.

വാർവിക്ക്ഷയറിന് വേണ്ടി 2006ൽ 17ആം വയസിലാണ് അരങ്ങേറ്റം. കൗണ്ടിയിൽ ആ ചെറുപ്രായത്തിൽ തന്നെ നല്ല പ്രകടനങ്ങൾ നടത്തിയ വോക്‌സ് ടീനേജ് കടക്കുന്ന മുന്നേ തന്നെ അവിടെ പേരെടുത്ത ഒരു ബൗളർ ആയി മാറിയിരുന്നു. ശാന്തമനോഭാവം കൊണ്ട് ഇപ്പഴും ശ്രദ്ധേയനാണ് വോക്‌സ്. അത് വാർവിക്ക്ഷയറിന് കളിക്കുന്ന സമയത്ത് തന്നെ അവിടത്തെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആഷ്ലി ജൈൽസ് സാക്ഷ്യപ്പെടുത്തിയതുമാണ്.

മറ്റേത് ഫോർമാറ്റിനെക്കാളും അധികം വോക്‌സ് സ്വാധീനം ഉണ്ടാക്കിയത് ഏകദിനത്തിൽ ആണ്. ഇംഗ്ലണ്ടിന്റെ സമീപകാല ജയങ്ങളിൽ ഓയിൻ മോർഗൻ എന്ന തന്ത്രശാലിയായ ക്യാപ്റ്റന്റെ ഏറ്റവും അധികം വിലപ്പെട്ട ആയുധങ്ങളിൽ ഒന്നായിരുന്നു ക്രിസ് വോക്‌സ് എന്ന ശാന്തസ്വാഭാവി. അത് ഇംഗ്ലണ്ടിന്റെ വിജയശതമാനം എടുത്ത് നോക്കിയാൽ മനസിലാക്കാവുന്നതേ ഉള്ളു. 2016 ജനുവരി മുതൽ 2018 മാർച്ച് 10 വരെയുള്ള കണക്കുകൾ എടുത്താൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തൊട്ട് മുകളിലായി 2.75 എന്ന മികച്ച ജയ/പരാജയ ശരാശരി ഉണ്ട്. 48 കളികൾ കളിച്ചപ്പോൾ വെറും 12 കളികൾ മാത്രം തോറ്റിരിക്കുന്നു, 33 എണ്ണം ജയിച്ചു.

കഴിഞ്ഞ 2 വർഷത്തെ കണക്കുകൾ നോക്കിയാൽ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആര് എന്നുള്ള ഇപ്പോഴത്തെ അഭിപ്രായത്തിന് മാറ്റം വന്നേക്കാം. 35 മത്സരങ്ങളിൽ നിന്നായി 27.22 ശരാശരിയിൽ 54 വിക്കറ്റ്. പിന്നെ 95 എന്ന ഉയർന്ന സ്കോറിനൊപ്പം 44.7 ശരാശരിയിൽ 581 റൺസും. പോരാത്തതിന് നല്ലൊരു ഫീൽഡർ കൂടെയാണ് വോക്‌സ്. ശരിക്ക് പറഞ്ഞാൽ ഒരു ഫുൾ പാക്കേജ്.

2018 ജനുവരി 26. ഇംഗ്ലണ്ട് ഓസ്ട്രേലിയയിൽ ആഷസിന് ശേഷമുള്ള ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ നാലാം ഏകദിനം. കളിയുടെ ആദ്യ ഇന്നിംഗ്സ് 21.3 ഓവർ ആയപ്പോൾ ഇംഗ്ലണ്ടിന്റെ സ്കോർ 61ന് 6 വിക്കറ്റ്. പിന്നെ കണ്ടത് ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ഒരു അഡാർ കൗണ്ടർ അറ്റാക്ക്. അത് ഇംഗ്ലണ്ടിനെ ഒത്തിരി മികച്ച സ്കോർ ഒന്നും അല്ലേലും മാനക്കേടിൽ നിന്നും രക്ഷിക്കാൻ മതിയായത് ആയിരുന്നു.

ബാറ്റിംഗ് ലഭിച്ച കഴിഞ്ഞ 10 അവസരങ്ങളിൽ അദ്ദേഹം 10ന് താഴെ പുറത്തായത് ഒരിക്കൽ മാത്രം. പോരാത്തതിന് കഴിഞ്ഞ 10 കളികളിൽ ഒന്നിൽ പോലും വിക്കറ്റ് എടുക്കാതിരുന്നിട്ടില്ല. പുറമെ നോക്കുമ്പോൾ മാച്ച് വിന്നർ എന്ന പേര് ചിലർക്ക് ഒരിക്കലും കിട്ടില്ല. പക്ഷെ വോക്‌സിനെ പോലെയുള്ള കളിക്കാരാണ് ടീമിന്റെ നിലവാരം ഉയർത്തുന്നത്. അവർ എല്ലാ കളികളിലും അവരുടെ സംഭാവന നൽകികൊണ്ടേയിരിക്കും, കളിയുടെ ഫലം എന്താണേലും. ഇന്ന് നടന്ന ന്യൂസിലാൻഡ് ഇംഗ്ലണ്ട് പരമ്പരയുടെ നിർണായകമായ അവസാനമത്സരത്തിലും അദ്ദേഹം മൂന്ന് വിക്കറ്റുകൾ നേടി. ബൗളിങ് ഓപ്പൺ ചെയ്ത വോക്‌സ് 10 ഓവറിൽ നൽകിയത് വെറും 32 റൺസ്.

ഏകദിനത്തിൽ ഉണ്ടാക്കിയ അത്രയും വിജയം ടെസ്റ്റിൽ നേടാൻ കഴിഞ്ഞിട്ടില്ല എങ്കിലും, അവസരങ്ങൾ കിട്ടുന്നത് അനുസരിച്ച് മെച്ചപ്പെടാൻ ഉള്ള മനോഭാവം ഉള്ള ഒരു കളിക്കാരൻ എന്ന നിലയ്ക്ക് നല്ല പ്രതീക്ഷ നൽകുന്നു.

ഐപിഎലിൽ നിർണായകമായ ഒരു വർഷമാണ് അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നത്. അടിസ്ഥാനവിലയായ രണ്ട് കോടിയിൽ നിന്ന് 7.6 കോടി വരെ എത്തിയ ലേലത്തിൽ ശക്തമായ മത്സരം ആയിരുന്നു വോക്‌സിന് വേണ്ടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും, ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ. ഒടുവിൽ അദ്ദേഹത്തെ ബാംഗ്ലൂർ സ്വന്തമാക്കി. വലിയ തുകയുടെ ഭാരം എന്തായാലും വോക്‌സിനെ ബാധിക്കാൻ സാധ്യത കാണുന്നില്ല, കാരണം അയാൾ പുറംകാഴ്ച്ചയിൽ എങ്കിലും അത്രയ്ക്ക് സൗമ്യനാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement