
ക്രിസ് ഗെയില്‍ തന്റെ വിശ്വരൂപം പുറത്തെടുത്ത ആദ്യ എലിമിനേറ്ററില്‍ രംഗ്പൂര് റൈഡേഴ്സിനു ജയം. 23 പന്തില്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഗെയില്‍ 45 പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. പുറത്താകാതെ 126 റണ്‍സ് നേടിയ ഗെയില്‍ 51 പന്തുകളാണ് നേരിട്ടത്. 14 ബൗണ്ടറികളും 6 സിക്സറുകളുമാണ് ഗെയിലിന്റെ ഇന്നിംഗ്സില്‍ പിറന്നത്. 168 റണ്‍സ് വിജയലക്ഷ്യം വെറും 15.2 ഓവറില്‍ ആണ് ഖുല്‍ന ടൈറ്റന്‍സ് നേടിയത്. മുഹമ്മദ് മിഥുന് 30 റണ്‍സ് നേടി പുറത്താകാതെ ഗെയിലിനു മികച്ച പിന്തുണ നല്കി. സൊഹാഗ് ഗാസി, ബ്രണ്ടന്‍ മക്കല്ലം എന്നിവര്‍ ജോഫ്ര ആര്‍ച്ചറിനു വിക്കറ്റ് നല്‍കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന ടൈറ്റന്‍സിനു വേണ്ടി കാര്‍ലോസ് ബ്രാത്വൈറ്റ്(9 പന്തില്‍ 25*), നിക്കോളസ് പൂറന്(28), ആരിഫുള്‍ ഹക്ക്(29) എന്നിവരാണ് തിളങ്ങിയത്. എന്നാല്‍ ആര്‍ക്കും തന്നെ കൂറ്റന്‍ സ്കോറിലേക്ക് ബാറ്റ് ചെയ്യാനാകാതെ പോയപ്പോള്‍ ടീം സ്കോര്‍ 167 റണ്‍സില്‍ അവസാനിച്ചു. നായകന് മഹമ്മദുള്ളയ്ക്കും 6 പന്തില്‍ നിന്ന് 20 റണ്‍സ് നേടാനായെങ്കിലും അധിക നേരം നിലയുറപ്പിക്കുവാനായില്ല. 6 വിക്കറ്റുകളാണ് ഖുല്‍ന ടൈറ്റന്‍സിനു നഷ്ടമായത്.
ലസിത് മലിംഗ 2 വിക്കറ്റും ഷോഹാഗ് ഗാസി, നസ്മുള്‍ ഇസ്ലാം, റൂബല്‍ ഹൊസൈന്‍, രവി ബൊപ്പാര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial