ശ്രീലങ്കന്‍ നായകനായി ദിനേശ് ചന്ദിമല്‍ മടങ്ങിയെത്തുന്നു

ശ്രീലങ്കയുടെ ഏകദിന-ടി20 നായകനായി ദിനേശ് ചന്ദിമലിനു മടക്കം.ആഞ്ചലോ മാത്യൂസിനോട് ഏഷ്യ കപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സെലക്ടര്‍മാര്‍ രാജി വയ്ക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ബംഗ്ലാദേശിനോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ട് ശ്രീലങ്ക ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ചന്ദിമലിനു ആഞ്ചലോ മാത്യൂസ് ക്യാപ്റ്റന്‍സി കൈമാറുന്നത്. ഈ ജനുവരിയില്‍ ശ്രീലങ്കയുടെ മുഴുവന്‍ സമയ നായകനായി ആഞ്ചലോ മാത്യൂസിനെ നിയമിച്ചുവെങ്കിലും പിന്നീട് പരിക്കേറ്റ് താരം മടങ്ങേണ്ടി വന്നതോടെ ക്യാപ്റ്റന്‍സി വീണ്ടും ആഞ്ചലോ മാത്യൂസിലേക്ക് എത്തി.

ജൂലൈയില്‍ തിരികെ ദക്ഷിണാഫ്രിക്കന്‍ ദൗത്യത്തിനു മാത്യൂസ് ശ്രീലങ്കന്‍ നായകനായി തിരിച്ചെത്തിയെങ്കിലും ഏകദിന പരമ്പര ടീം പരാജയപ്പെടുകയും ഏക ടി20യില്‍ വിജയം കുറിയ്ക്കുകയും ചെയ്തു. അതിനു ശേഷം ഏഷ്യ കപ്പില്‍ ടീം മോശം പ്രകടനം പുറത്തെടുക്കുകയും അനന്തര ഫലമായി താരത്തിനു തന്റെ ക്യാപ്റ്റന്‍സി ചുമതല നഷ്ടമാകുകയും ചെയ്തു.

പുതുതായി ചുമതലയേല്‍ക്കുന്ന ചന്ദിമലിനു ഒക്ടോബര്‍ 10നു നാട്ടില്‍ ഇംഗ്ലണ്ടിനെ നേരിടുന്നതാണ് ആദ്യ ദൗത്യം.

Exit mobile version