ഹതുരുസിംഗ ശ്രീലങ്കന്‍ കോച്ചിംഗ് പദവിയിലേക്ക്

- Advertisement -

മുന്‍ ശ്രീലങ്കന്‍ താരം ചന്ദിക ഹതുരുസിംഗ ശ്രീലങ്കയുടെ പുതിയ കോച്ചായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. നിലവില്‍ ബംഗ്ലാദേശിന്റെ കോച്ചായ ചന്ദിക ഹതുരുസിംഗ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു രാജി സമര്‍പ്പിച്ചു എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഗ്രഹാം ഫോര്‍ഡ് മുഖ്യ കോച്ചിന്റെ സ്ഥാനം ജൂണില്‍ ഒഴിഞ്ഞതിനു ശേഷം നിക് പോത്താസ് ആണ് ശ്രീലങ്കയുടെ താല്‍ക്കാലിക കോച്ചിന്റെ പദവി അലങ്കരിച്ചിരുന്നത്. മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ടീമിന്റെ കോച്ചിംഗ് സ്ഥാനം ഏറ്റെടുക്കുവാന്‍ ഹതുരുസിംഗയ പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ജേസണ്‍ ഗില്ലസ്പിയും ജെഫ് മാര്‍ഷും ശ്രീലങ്കയുടെ കോച്ചിംഗ് സ്ഥാനത്തിനായി ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും അവസാനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹതുരുസിംഗയില്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. 2019 ലോകകപ്പ് വരെ ഹതുരുസിംഗ ബംഗ്ലാദേശ് കോച്ചായി കരാറിലേര്‍പ്പെട്ടിരിക്കുകയായിരുന്നു.

2011ല്‍ ട്രെവര്‍ ബെയിലിസ് കോച്ചിംഗ് സ്ഥാനം ഒഴിയുമ്പോള്‍ ചന്ദിക ഹതുരുസിംഗ കോച്ചിംഗ് സ്ഥാനത്തേക്ക് വരുമെന്ന് കരുതിയിരുന്നുവെങ്കിലും അന്ന് ബോര്‍ഡിനോടുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ ഉപകോച്ചിംഗ് സ്ഥാനം ഉപേക്ഷിച്ച് ഹതുരുസിംഗ മടങ്ങുകയായിരുന്നു. മുന്‍ ശ്രീലങ്ക എ ടീമിന്റെ കോച്ച് ആയും ഹതുരുസിംഗ സ്ഥാനം വഹിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement