കത്തിക്കയറി യുവരാജ്, ഇന്ത്യയ്ക്ക് മികച്ച സ്കോര്‍

- Advertisement -

ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. മഴ മൂലം 48 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് നേടുകയായിരുന്നു. രോഹിത് ശര്‍മ്മ(91), ശിഖര്‍ ധവാന്‍(68), വിരാട് കോഹ്ലി(81*) എന്നീ ബാറ്റ്സ്മാന്മാരുടെ മികവിനൊപ്പം അതിവേഗം റണ്‍ കണ്ടെത്തിയ യുവരാജ് സിംഗും(32 പന്തില്‍ 53) 6 പന്തില്‍ 20 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ 300 കടക്കാന്‍ സഹായിച്ചത്.

മഴ ഇടയ്ക്കിടയ്ക്ക് തടസ്സം സൃഷ്ടിച്ചുവെങ്കിലും മികവാര്‍ന്ന തുടക്കമാണ് ധവാനും രോഹിത്തും ഇന്ത്യക്ക് നല്‍കിയത്. കരുതലോടെ തുടങ്ങിയ ഇരുവരും ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസാന ഓവറുകളില്‍ ആഞ്ഞടിക്കുവാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു. 24.3 ഓവറില്‍ 136 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ഇന്ത്യയ്ക്ക് നല്‍കിയത്. ധവാനെ ഷദബ് ഖാന്‍ പുറത്താക്കിയപ്പോള്‍ റണ്‍ ഔട്ട് രൂപത്തിലാണ് രോഹിത് മടങ്ങിയത്. ഇരുവരും പുറത്തായ ശേഷം ക്യാപ്റ്റന്‍ കോഹ്‍ലിയ്ക്ക് മികച്ച പിന്തുണയുമായി എത്തിയത് യുവരാജ് ആയിരുന്നു. 8 ബൗണ്ടറിയും ഒരു സിക്സറും നേടി 53 റണ്‍സ് നേടിയ യുവിയെ ഹസന്‍ അലി വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ഇമാദ് വസിം എറിഞ്ഞ അവസാന ഓവറില്‍ 3 സിക്സറുകള്‍ പറത്തി ഹാര്‍ദ്ദിക് പാണ്ഡ്യയും കോഹ്‍ലിയ്ക്ക് മികച്ച പിന്തുണ നല്‍കി. കോഹ്‍ലി 68 പന്തില്‍ നിന്നാണ് 81 റണ്‍സ് നേടിയത്. 3 സിക്സറും 6 ബൗണ്ടറിയുമാണ് ഇന്ത്യന്‍ നായകന്‍ തന്റെ ബാറ്റിംഗ് പ്രകടനത്തിനിടെ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement