
ഓയിന്‍ മോര്‍ഗനും ബെന്‍ സ്റ്റോക്സും മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഓസ്ട്രേലിയെ ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 40 റണ്‍സിനു ഇംഗ്ലണ്ട് പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 35/3 എന്ന നിലയില്‍ നിന്ന് വിജയം പിടിച്ചു വാങ്ങുകയായിരുന്നു. തോല്‍വിയോടു കൂടി ഓസ്ട്രേലിയ പുറത്താകുകയും ബംഗ്ലാദേശ് സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു. ബെന്‍ സ്റ്റോക്സിനൊപ്പം ഓയിന്‍ മോര്‍ഗനും നായകന്റെ ഇന്നിംഗ്സ് പുറത്തെടുത്ത് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ബെന്‍ സ്റ്റോക്സാണ് മത്സരത്തിലെ താരം.
ആദില്‍ റഷീദും മാര്‍ക്ക് വുഡും ആദില്‍ റഷീദും 4 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മത്സരത്തില്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണതാണ് ഓസ്ട്രേലിയെ 300 എന്ന ലക്ഷ്യത്തില്‍ നിന്നകറ്റി നിര്‍ത്തിയത്. 239/4 എന്ന നിലയില്‍ നിന്ന് 254/9 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ട്രാവിസ് ഹെഡ് പുറത്താകാതെ നേടിയ 71 റണ്‍സാണ് 277 എന്ന സ്കോറിലേക്ക് എത്തിച്ചത്.
മികച്ച തുടക്കമാണ് ഓസ്ട്രേലിയന്‍ മുന്‍ നിര നല്‍കിയത്. എന്നാല്‍ മധ്യനിരയെ തൂത്തുവാരി ആദില്‍ റഷീദ് ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് കടിഞ്ഞാണിടുകയായിരുന്നു. ആരോണ്‍ ഫിഞ്ച്(68), സ്റ്റീവ് സ്മിത്ത്(56) എന്നിവരും ഓസ്ട്രേലിയയ്ക്ക് വേണ്ടി മികവ് പുലര്‍ത്തി. ബെന്‍ സ്റ്റോക്സിനാണ് ശേഷിക്കുന്ന ഓസ്ട്രേലിയന്‍ വിക്കറ്റ് ലഭിച്ചത്.
278 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിനു നിസാര സ്കോറിനാണ് ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരെയും നഷ്ടപ്പെട്ടത്. നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന ഇംഗ്ലണ്ടിനു നഷ്ടപ്പെടാനൊന്നുമില്ലായിരുന്നെങ്കിലും ഈ മത്സരം സസൂക്ഷ്മം വീക്ഷിക്കുകയായിരുന്ന ബംഗ്ലാദേശ് ക്യാമ്പിനു നിരാശയായിരുന്നു ഇംഗ്ലീഷ് ടോപ് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ ഓയിന്‍ മോര്‍ഗനും ബെന്‍ സ്റ്റോക്സും ഒത്തുചേര്ന്നതോടു കൂടി ഇംഗ്ലണ്ട് മെല്ലേ മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു. 159 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ 87 റണ്‍സ് നേടിയ മോര്ഗന് റണ്‍ഔട്ട് രൂപത്തില്‍ പുറത്തായെങ്കിലും ബെന്‍ സ്റ്റോക്സ് തന്റെ ശതകം തികച്ച് ജോസ് ബട്ലറോടൊപ്പം(29) ക്രീസിലുള്ളപ്പോള്‍ മഴ മത്സരം തടസ്സപ്പെടുത്തുകയായിരുന്നു. 58 പന്തില്‍ 38 റണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്. നാല് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് മത്സരം തുടരാനാകാത്ത അവസ്ഥ വന്നപ്പോള്‍ മഴ നിയമത്തില്‍ ഇംഗ്ലണ്ടിനു 40 റണ്‍സിന്റെ വിജയം സ്വന്തമാകുകയായിരുന്നു. 40.2 ഓവറില്‍ 240/4 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
ജോഷ് ഹാസല്‍വുഡ്(2), മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസ്ട്രേലിയന്‍ വിക്കറ്റ് നേട്ടക്കാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial