
ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി മരണ ഗ്രൂപ്പായി മാറിക്കഴിഞ്ഞിരിക്കുന്നു. രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഓരോ ജയമാണ് ടീമുകള്‍ക്കെല്ലാം അവകാശപ്പെടുവാനുള്ളത്. ഇന്ത്യയ്ക്കെതിരെ മിന്നും വിജയം സ്വന്തമാക്കി ശ്രീലങ്കയാണ് ഗ്രൂപ്പിനെ മരണ ഗ്രൂപ്പാക്കി മാറ്റിയത്. ഇന്ത്യയുടെ 321 റണ്‍സ് എന്ന സ്കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 8 പന്തുകള്‍ ശേഷിക്കെയാണ് മികച്ച വിജയം ലങ്ക സ്വന്തമാക്കിയത്.
നിരോഷന്‍ ഡിക്വെല്ലയെ(7) ആദ്യമേ നഷ്ടമായെങ്കിലും തകര്‍പ്പന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ദനുഷ്ക ഗുണതിലകെയും കുശല്‍ മെന്‍ഡിസും ശ്രീലങ്കയ്ക്കായി പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരെ സധൈര്യം നേരിട്ട ഇരുവരും ലങ്കന്‍ ആധിപത്യമാണ് കെന്നിംഗ്ടണ്‍ ഓവലില്‍ കാഴ്ചവെച്ചത്. എന്നാല്‍ ഇരുവരും റണ്‍ഔട്ട് ആയപ്പോള്‍ മത്സരം ശ്രീലങ്ക കൈവിട്ടു പോകുമെന്ന് തോന്നിപ്പിച്ചു. 159 റണ്‍സ് രണ്ടാം കൂട്ടുകെട്ടിനൊടുവില്‍ ദനുഷ്കയും(76) അധികം വൈകാതെ കുശല്‍ മെന്‍ഡിസും(89) റണ്‍ഔട്ട് ആവുകയായിരുന്നു.
170/1 എന്ന നിലയില്‍ നിന്ന് 196/3 എന്ന സ്ഥിതിയിലേക്ക് വീണ ശ്രീലങ്കയെ കരകയറ്റുക എന്ന ലക്ഷ്യം കുശല്‍ പെരേരയിലും നായകന് ആഞ്ചലോ മാത്യൂസിലും വന്നെത്തുകയായിരുന്നു. ഇരുവരും ആ ദൗത്യം വിജയകരമായിത്തന്നെ നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം വ്യക്തിഗത സ്കോര്‍ 47ല്‍ നില്‍ക്കെ പേശി വലിവ് കാരണം കുശല്‍ പെരേര റിട്ടേയര്‍ഡ് ഹര്‍ട്ട് ആവുകയായിരുന്നു. വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന ലങ്കയെ ഇത് ബാധിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പകരക്കാരനായി എത്തിയ അസേല ഗുണരത്നേയുടെ തകര്‍പ്പനടികള്‍ ശ്രീലങ്കയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഗുണരത്നേ പുറത്താകാതെ 34 റണ്‍സ് നേടിയപ്പോള്‍ നായകന് ആഞ്ചലോ മാത്യൂസ് 52 റണ്‍സുമായി വിജയ റണ്‍സ് സ്വന്തമാക്കി.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ജഡേജയായിരുന്നു കൂടുതല്‍ റണ്‍സ് വഴങ്ങിയത്. ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കി.
ഇന്ത്യയുടെ ബാറ്റിംഗ് ഇവിടെ വായിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial