അവിശ്വസനീയം ഈ ശ്രീലങ്കന്‍ തകര്‍ച്ച, വാലറ്റത്തിന്റെ പടപൊരുതല്‍

ജുനൈദ് ഖാനും മുഹമ്മദ് അമീറും ശ്രീലങ്കന്‍ മധ്യനിരയെ ചുരുട്ടിക്കെട്ടിയപ്പോള്‍ നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അവിശ്വസനീയ തകര്‍ച്ച. 6 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ശ്രീലങ്കയെ എട്ടാം വിക്കറ്റിലെ ചെറുത്ത്നില്പാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 49.2 ഓവറില്‍ 236 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. നാലാം വിക്കറ്റില്‍ നിരോഷന്‍ ഡിക്ക്വെല്ലയും ആഞ്ചലോ മാത്യൂസും കൂടി ടീമിനെ കരകയറ്റി 161/3 എന്ന നിലയില്‍ കരകയറുകയായിരുന്ന ശ്രീലങ്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് മുഹമ്മദ് അമീറാണ്. ജുനൈദ് ഖാനും ഒപ്പം ചേര്‍ന്നതോടു കൂടി ടീം 167/7 എന്ന നിലയിലേക്ക് തകര്‍ന്നു.

നേരത്തെ ആദ്യ വിക്കറ്റ് വീണ ശേഷം കുശല്‍ മെന്‍ഡിസുമായി(27) ചേര്‍ന്ന് 56 റണ്‍സ് കൂട്ടിചേര്‍ത്ത് ഡിക്ക്വെല്ല മുന്നേറുന്നതിനിടയില്‍ ശ്രീലങ്കയ്ക്ക് 3 പന്തില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. കുശല്‍ മെന്‍ഡിസിനെ ഹസന്‍ അലി പുറത്താക്കിയപ്പോള്‍ 2 പന്തുകള്‍ക്ക് ശേഷം ദിനേശ് ചന്ദിമലിനെ പൂജ്യത്തിനു പുറത്താക്കി ഫഹീം അഷ്റഫ് അന്താരാഷ്ട്ര ഏകദിനത്തിലെ തന്റെ ആദ്യ വിക്കറ്റിനു അര്‍ഹനായി. പിന്നീടാണ് ആഞ്ചലോ മാത്യൂസും(39) ഡിക്ക്വെല്ലയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിചേര്‍ത്തത്. 250നു മേല്‍ ടോട്ടല്‍ പ്രതീക്ഷിച്ച ശ്രീലങ്ക അപ്രതീക്ഷമായ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 73 റണ്‍സ് നേടിയ ഡിക്ക്വെല്ലയെ മുഹമ്മദ് അമീര്‍ ആണ് പുറത്താക്കിയത്. ആഞ്ചലോ മാത്യൂസിനെ പുറത്താക്കി ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയ അമീറിന്റെ രണ്ടാം വിക്കറ്റ് നേട്ടമായിരുന്നു ഡിക്ക്വെല്ലയുടെ.

എട്ടാം വിക്കറ്റില്‍ അസേല ഗുണരത്നേ-സുരംഗ ലക്മല്‍ കൂട്ടുകെട്ടാണ് 200 കടക്കുക എന്ന ലക്ഷ്യം ശ്രീലങ്കയ്ക്ക് സാധ്യമാക്കിയത്. 43ാം ഓവറില്‍ സ്കോര്‍ 200 എത്തുമ്പോള്‍ 33 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 26 റണ്‍സ് നേടിയ സുരംഗ ലക്മലിനെ ഹസന്‍ അലി പുറത്താക്കിയപ്പോള്‍ 46 റണ്‍സ് കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു. ഗുണരത്നയെ(27) ഹസന്‍ അലി പുറത്താക്കി.

പാക്കിസ്ഥാനു വേണ്ടി ജുനൈദ് ഖാന്‍ , ഹസന്‍ അലി എന്നിവര്‍ മൂന്ന് വിക്കറ്റും മുഹമ്മദ് അമീര്‍ രണ്ട് വിക്കറ്റും നേടി. ഫഹീം അഷ്റഫും രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജുനൈദ് ഖാന്‍ തന്റെ 10 ഓവറില്‍ സ്പെല്ലില്‍ 3 മെയിഡന്‍ ഓവറുകളാണ് എറിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial