ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ബാറ്റിംഗ് തകര്‍ച്ച

അനാവശ്യമായ റണ്ണൗട്ടുകളും മോശം ഷോട്ട് സെലക്ഷനുകളും വിനയായപ്പോള്‍ നിര്‍ണ്ണായകമായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ വിരാട് കോഹ്‍ലി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. കരുതലോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 76 റണ്‍സാണ് നേടിയത്. 35 റണ്‍സ് നേടിയ ഹാഷിം അംലയാണ് ആദ്യം പുറത്തായത്. ടീമിലേക്ക് മടങ്ങിയെത്തിയ അശ്വിന്‍ ആണ് അംലയെ മടക്കിയയച്ചത്. പീന്നീട് ക്രീസിലെത്തിയ ഫാഫ് ഡ്യൂപ്ലെസിയുമായി ചേര്‍ന്ന് ക്വിന്റണ്‍ ഡിക്കോക്ക് ഇന്നിംഗ്സിനു വേഗത വരുത്തിയെങ്കിലും തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ ഡിക്കോക്കിനെ രവീന്ദ്ര ജഡേജ പുറത്താക്കി.

നിരുത്തരവാദിത്വപരമായ വിക്കറ്റിനിടയിലുള്ള ഓട്ടമാണ് പിന്നീട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ പിന്നീട് കാഴ്ചവെച്ചത്. 16 റണ്‍സെടുത്ത ഡിവില്ലിയേഴ്സും 1 റണ്‍സ് നേടിയ ഡേവിഡ് മില്ലറും തൊട്ടടുത്ത ഓവറുകളില്‍ റണ്‍ഔട്ട് ആയി പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു. ഫാഫ് ഡ്യൂപ്ലെസിയെ(36) പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യയും വിക്കറ്റ് നേട്ടം ആഘോഷിച്ചു. ജസ്പ്രീത് ബുംറയുടെ ഊഴമായിരുന്നു അടുത്തത്. ക്രിസ് മോറിസിനെയും ആന്‍‍ഡിലേ ഫെഹ്‍ലുക്വായോയെയും പുറത്താക്കി ബുംറയും വിക്കറ്റ് പട്ടികയിലിടം നേടി. 116/1 എന്ന നിലയില്‍ നിന്ന് 178/7 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തുകയായിരുന്നു.

കാഗിസോ റബാഡയെയും മോണേ മോര്‍ക്കലിനെയും പുറത്താക്കി ഭുവനേശ്വര്‍ കുമാറും വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ 200 റണ്‍സ് എന്നത് പോലും ദക്ഷിണാഫ്രിക്കയ്ക്ക് കിട്ടാക്കനിയായി. ഒടുവില്‍ അവസാന വിക്കറ്റില്‍ ഇമ്രാന്‍ താഹിറും റണ്ണൗട്ടായി മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 191 റണ്‍സിനു അവസാനിക്കുകയായിരുന്നു. ജീന്‍ പോള്‍ ഡുമിനി 20 റണ്‍സ് നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial