
ശിഖര്‍ ധവാന്റെ ശതകത്തിന്റെയും രോഹിത്ത് ശര്‍മ്മയുടെ അര്‍ദ്ധ ശതകത്തിന്റെയും മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടിന്റെയും സഹായത്തോടെ ശ്രീലങ്കയ്ക്കെതിരെയുള്ള ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി പ്രാരംഭ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 321 റണ്‍സ് നേടുകയായിരുന്നു. ഓപ്പണര്‍മാരായ ധവാനും രോഹിത്തും നല്കിയ മികച്ച തുടക്കം മുതലാക്കിയാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങിയത്. രോഹിത്ത് ശര്‍മ്മയായിരുന്നു കൂട്ടത്തില്‍ കൂടുതല്‍ ആക്രമണകാരി. ആദ്യം ഒപ്പത്തിനൊപ്പം റണ്‍ നേടിയെങ്കിലും അര്‍ദ്ധ ശതകത്തിനോടടുത്ത് ധവാനെ പിന്തള്ളി രോഹിത് കുതിയ്ക്കുകയായിരുന്നു.
138 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ രോഹിത്തിനെ മലിംഗ പുറത്താക്കുകയായിരുന്നു. 79 പന്തില്‍ 78 റണ്‍സാണ് രോഹിത് നേടിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ വിരാട് കോഹ്ലിയെ(0) നുവാന്‍ പ്രദീപ് പുറത്താക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. യുവരാജ് സിംഗിനെ (7) അസേല ഗുണരത്നേ പുറത്താക്കിയതിനു ശേഷം ധവാന്-ധോണി കൂട്ടുകെട്ട് ഇന്ത്യയെ ശക്തമായ നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. 88 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും നേടിയത്. 125 റണ്‍സ് നേടിയ ധവാന്റെ വിക്കറ്റും മലിംഗയാണ് സ്വന്തമാക്കിയത്.
ധവാന് പുറത്തായ ശേഷം തന്റെ അര്‍ദ്ധ ശതകം തികച്ച ധോണി ഹാര്‍ദ്ദിക് പാണ്ഡ്യ, കേധാര്‍ ജാഥവ് എന്നിവരുടെ സഹായത്തോടു കൂടി ടീം സ്കോര്‍ 300 കടത്തി. 52 പന്തില്‍ 63 റണ്‍സ് നേടിയാണ് ധോണി മടങ്ങിയത്. 13 പന്തില്‍ 25 റണ്‍സ് നേടിയ കേധാര്‍ ജാഥവ് പുറത്താകാതെ നിന്നു.
ശ്രീലങ്കന്‍ ബൗളര്‍മാരില്‍ മലിംഗ്(2), തിസാര പെരേര, അസേല ഗുണരത്നേ, നുവാന്‍ പ്രദീപ്, സുരംഗ ലക്മല്‍ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial