ബംഗ്ലാദേശിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ വീണ് ന്യൂസിലാണ്ട്

ന്യൂസിലാണ്ടിനെതിരെ 5 വിക്കറ്റ് വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. തകര്‍ച്ചയുടെ വക്കില്‍ നിന്നാണ് ബംഗ്ലാദേശ് വിജയം പിടിച്ചെടുത്തത്. മഹമ്മദുള്ളയും ഷാകിബ് അല്‍ ഹസനും തങ്ങളുടെ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 33/4 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ടിം സൗത്തി ബംഗ്ലാദേശ് ടോപ് ഓര്‍ഡറിനെ പിഴുതെറിഞ്ഞപ്പോള്‍ അഞ്ചാം ഓവറില്‍ 12/3 എന്ന സ്ഥിതിയിലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തി. 14 റണ്‍സ് എടുത്ത മുഷ്ഫികുര്‍ റഹീമും മടങ്ങിയതോടെ നാണംകെട്ട തോല്‍വിയെയാണ് ബംഗ്ലാദേശ് ഉറ്റുനോക്കിയത്. ബംഗ്ലാദേശിന്റെ ഏകദിന ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് പിന്നീട് കാര്‍ഡിഫില്‍ പിറന്നത്.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷാകിബ്-മഹമ്മദുള്ള കൂട്ടുകെട്ട് മത്സരം കീഴ്മേല്‍ മറിക്കുകയായിരുന്നു. ന്യൂസിലാണ്ട് ബൗളര്‍മാരെ സധൈര്യം നേരിട്ട ഇരുവരും ന്യൂസിലാണ്ട് ഉയര്‍ത്തിയ 266 റണ്‍സ് വിജയ ലക്ഷ്യം 48 ാം ഓവറില്‍ നേടിയെടുക്കുകയായിരുന്നു. ഷാകിബ് അല്‍ ഹസന്‍ 114 റണ്‍സ് നേടി ലക്ഷ്യത്തിനു 9 റണ്‍സ് അകലെ പുറത്തായി. മഹമ്മദുള്ള 102 റണ്‍സും നേടി പുറത്താകാതെ നിന്നു. 224 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ സ്വന്തമാക്കിയത്. ഇത് ബംഗ്ലാദേശിന്റെ ഏകദിനത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്.

ന്യൂസിലാണ്ടിനു വേണ്ടി ടിം സൗത്തി മൂന്നും ആഡം മില്‍നേ ഒരു വിക്കറ്റും നേടി. തോല്‍വിയോടെ ഗ്രൂപ്പ് എ യില്‍ അവസാന സ്ഥാനമാണ് ന്യൂസിലാണ്ടിനു ലഭിച്ചത്. ബംഗ്ലാദേശ് ആവട്ടെ നാളെ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയയുടെ തോല്‍വിയ്ക്കായുള്ള പ്രാര്‍ത്ഥനകളിലായിരിക്കും.

ന്യൂസിലാണ്ട് ഇന്നിംഗ്സ് ഇവിടെ വായിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒരു ശ്രീലങ്കൻ വീരഗാഥ
Next articleഐ എസ് എല്ലിന് ഫിഫയുടെയും എ എഫ് എ യുടെയും അംഗീകാരം