ആതിഥേയരെ കെട്ട് കെട്ടിക്കുമോ ഈ പാക് ടീം?

ഇങ്ങനെയൊരു ചോദ്യത്തിനു കണ്ണുമടച്ച് ഇല്ല എന്ന് പറയുന്നവരാകും ക്രിക്കറ്റ് പ്രേമികള്‍. സെമിയില്‍ ഏറ്റുമുട്ടുന്ന ഇരു ടീമുകളും രണ്ട് ദ്രുവങ്ങളിലാണ് അവരുടെ ഇതുവരെയുമുള്ള പ്രകടനം നോക്കുകയാണെങ്കില്‍. ഒറ്റ മത്സരം പോലും തോല്‍ക്കാതെ ആധികാരിക വിജയങ്ങളുമായാണ് ഇംഗ്ലണ്ട് സെമിയില്‍ കടന്നതെങ്കില്‍ ശ്രീലങ്കയുടെ മോശം ഫീല്‍ഡിംഗ് പ്രകടനമാണ് പാക്കിസ്ഥാനു കാര്യങ്ങളെളുപ്പമാക്കിയത്. ബാറ്റിംഗ് പോലെത്തന്നെ ശക്തമായ പ്രകടനമാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ ടൂര്‍ണ്ണമെന്റില്‍ ഇതുവരെ നടത്തിയിട്ടുള്ളത്.

ഇംഗ്ലണ്ടിനു ജേസണ്‍ റോയിയെ ടീമില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ മാത്രമേ തീരുമാനം എടുക്കേണ്ടതായുള്ളു. മോശം ഫോമിലുള്ള റോയിയെ മാറ്റി ജോണി ബാരിസ്റ്റോയ്ക്ക് അവസരം നല്‍കുകയാണെങ്കില്‍ ജോസ് ബട്‍ലര്‍ ആവും ഓപ്പണറുടെ കുപ്പായത്തില്‍ ഇറങ്ങുക. വേറെ മാറ്റങ്ങളൊന്നും തന്നെ ടീമില്‍ വരുത്താന്‍ ഇടയില്ല.

പാക്കിസ്ഥാനു കഴിഞ്ഞ മത്സരത്തില്‍ എടുത്തു പറയാനാകുന്ന പ്രകടനം ബൗളര്‍മാരും ഓപ്പണര്‍ ഫകര്‍ സമനും സര്‍ഫ്രാസ് അഹമ്മദിന്റെയും മാത്രമാണ്. ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് അവസാന രണ്ട് മത്സരങ്ങളിലും പാക്കിസ്ഥാനു വിജയമൊരുക്കിയത്. ചെറിയ സ്കോറിനു എതിരാളികളെ പുറത്താക്കുവാന്‍ കഴിയുന്ന പാക് ബൗളിംഗ് നിരയില്‍ ഹസന്‍ അലിയും ജുനൈദ് ഖാനും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിലൂടെ മുഹമ്മദ് അമീറും വിക്കറ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇമാദ് വസീമിനും മുഹമ്മദ് ഹഫീസിനും കൂട്ടായി ഷദബ് ഖാന്‍ ടീമിലെത്തുകയാണെങ്കില്‍ ഫഹീം അഷ്റഫിനാവും പുറത്തിരിക്കേണ്ടി വരിക.

ബാറ്റിംഗില്‍ തനിക്ക് ലഭിച്ച രണ്ടവസരങ്ങളും മുതലാക്കി ഫകര്‍ സമന്‍ മാത്രമേ മികച്ച് നില്‍ക്കുന്നുള്ളു. അസ്ഹര്‍ അലിയ്ക്ക് കഴിഞ്ഞ മത്സരത്തില്‍ തുടക്കം ലഭിച്ചുവെങ്കിലും ആ മികച്ച അവസരം നഷ്ടപ്പെടുത്തുകയായിരുന്നു പാക് ഓപ്പണര്‍. പാക് മധ്യനിര തകര്‍ന്നടിഞ്ഞപ്പോള്‍ രക്ഷയ്ക്കെത്തിയ സര്‍ഫ്രാസ് അഹമ്മദ് നന്ദി പറയേണ്ടത് ശ്രീലങ്കന്‍ ഫീല്‍ഡര്‍മാരോടാണ്.

ഇംഗ്ലണ്ടിനെ തടയിടാനാകുന്ന ബൗളിംഗ് നിര പാക്കിസ്ഥാനുണ്ടെന്ന് നിസ്സംശയം പറയാം എന്നാല്‍ ചെറിയ സ്കോര്‍ പോലും നേടാന്‍ അവരുടെ ടീമിനാകുമെന്ന് ഉറപ്പിച്ചു പറയാന്‍ കടുത്ത പാക് ആരാധകര്‍ക്ക് പോലും സാധിക്കുമോ എന്നത് സംശയമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആഷിഖ് കുരുണിയന് ഇന്ന് പിറന്നാൾ
Next articleഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ ഇനി ജോബി ജസ്റ്റിൻ