വിജയത്തിനരികെ മഴയിൽ കുടുങ്ങി ഓസ്ട്രേലിയ

- Advertisement -

ആദ്യ മത്സരത്തിൽ മഴയുടെ അനുഗ്രഹത്താൽ മത്സരം സമനിലയിലായ ഓസ്ട്രേലിയയെ ഇത്തവണ മഴ ചതിച്ചു. ബംഗ്ലാദേശിനെതിരെ ജയമുറപ്പിച്ച ഘട്ടത്തിൽ പെയ്ത മഴയിൽ  ഓസ്ട്രേലിയയുടെ വിജയം ഒലിച്ച് പോയി. ഡക്ക് വർത്ത് നിയമം നടപ്പിലാക്കാൻ ആവശ്യമായ 20 ഓവറിനു 4 ഓവർ ബാക്കി നിൽക്കെയാണ് മഴ കാരണം മത്സരം നിർത്തിവെച്ചത്. ഈ മത്സരം സമനിലയിലായതോടെ ഇംഗ്ലണ്ടിനെതിരെയുള്ള ഓസ്ട്രേലിയയുടെ അടുത്ത മത്സരം നിർണായകമായി. അതെ സമയം ഈ സമനിലയോടെ ബംഗ്ളദേശിന്‌ ചെറിയ പ്രതീക്ഷ ലഭിച്ചു.  ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 44.3ൽ 182 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മഴ മത്സരം തടസ്സപ്പെടുത്തുമ്പോൾ 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എടുത്തിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഈ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച തമിം ഇക്ബാലിനു മികച്ച പിന്തുണ നൽകാൻ ബംഗ്ലാദേശ് ബാറ്റിംഗ് നിരക്കായില്ല. തമിം ഇക്ബാൽ 114 പന്തിൽ 95 റൺസ് എടുത്ത് സെഞ്ചുറിക്ക് തൊട്ടരികിൽ വെച്ച് പുറത്താവുകയായിരുന്നു.  മധ്യ നിരയിൽ ഷാകിബ് അൽ ഹസൻ മാത്രമാണ് അല്പമെങ്കിലും പിടിച്ച് നിന്നത്. ഷാകിബ് അൽ ഹസൻ 48 പന്തിൽ നിന്ന് 29 റൺസ് എടുത്ത് പുറത്തായി. അവസാന നാല് വിക്കറ്റുകൾ വെറും 1 റൺസിന്റെ വ്യത്യാസത്തിനാണ് ബംഗ്ളദേശിന്‌ നഷ്ടമായത്. ബംഗ്ലാദേശ് നിരയിൽ മൂന്ന് പേരൊഴികെ വേറെ ആരും രണ്ടക്കം കടന്നില്ല.

ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തി. സംപ രണ്ടു വിക്കറ്റും ഹസൽവുഡ്,കമ്മിൻസ്, ഹെഡ്, ഹെൻറിക്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വാർണറും ഫിഞ്ചും മികച്ച തുടക്കമാണ് നൽകിയത്. ഫിഞ്ച് 19 റൺസ് എടുത്ത് പുറത്തായതിന് ശേഷം വന്ന സ്മിത്ത് ഓസ്ട്രേലിയയെ വിജയത്തിലേക്ക് അനായാസം എത്തിക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് മഴ വില്ലനായി വന്നു ഓസ്ട്രേലിയയുടെ വിജയം നിഷേധിച്ചത്. വാർണർ 44 പന്തിൽ 40 റൺസ് എടുത്തും  സ്മിത്ത് 25 പന്തിൽ 22 റൺസ് എടുത്തും പുറത്താവാതെ നിന്നു. ബംഗ്ലാദേശിന്റെ കിട്ടിയ ഏക വിക്കറ്റ് റുബെൽ ഹുസൈന് ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement