ഇംഗ്ലണ്ടില്‍ ഏഷ്യന്‍ വിപ്ലവം, ഇംഗ്ലണ്ടിനെ തകര്‍ത്ത് പാക്കിസ്ഥാന്‍ ഫൈനലില്‍

ഇംഗ്ലണ്ടിനെതിരെ ഐതിഹാസിക വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. മത്സരത്തില്‍ പാക് ബൗളര്‍മാരും ബാറ്റ്സ്മാന്‍മാരും ഒരു പോലെ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍ ഫൈനലില്‍ കടക്കുകയായിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് വിജയികളെ ഫൈനലില്‍ നേരിടുന്ന പാക്കിസ്ഥാനു ഇത് ചരിത്ര നേട്ടം തന്നെയാണ്. ടൂര്‍ണ്ണമെന്റ് തുടക്കത്തില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്‍ പിന്നീട് വിജയത്തിളക്കത്തോടെ ടൂര്‍ണ്ണമെന്റില്‍ മുന്നേറുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ അവിശ്വസനീയം ജയം സ്വന്തമാക്കിയ പാക്കിസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ ഇതുവരെ തോല്‍ക്കാതെ സെമി വരെ എത്തിയ ഇംഗ്ലണ്ടിനെയും തോല്‍വിയുടെ രുചിയറിയിച്ചു.

212 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാനു മിന്നും തുടക്കമാണ് ഫകര്‍ സമന്‍, അസ്ഹര്‍ അലി കൂട്ടുകെട്ട് നല്‍കിയത്. ഫകര്‍ സമന്‍ ടീമിലെത്തിയ ശേഷം പാക്കിസ്ഥാനു അനിവാര്യമായ ഊര്‍ജ്ജമാണ് കൈവന്നിരിക്കുന്നത്. തന്റെ രണ്ടാം ഏകദിന അര്‍ദ്ധ ശതകം തികച്ച ഫകറിനെ(57) നഷ്ടമാകുമ്പോള്‍ പാക്കിസ്ഥാന്‍ സ്കോര്‍ 118 ആയിരുന്നു. ആദില്‍ റഷീദിനാണ് വിക്കറ്റ് ലഭിച്ചത്. മികവാര്‍ന്ന രീതിയില്‍ ബാറ്റിംഗ് തുടര്‍ന്ന അസ്ഹര്‍ അലി-ബാബര്‍ അസം കൂട്ടുകെട്ട് ഇംഗ്ലണ്ടിനു കൂടുതല്‍ അവസരം നല്‍കാതെ വിജയത്തിനടുത്തേക്ക് എത്തിയ്ക്കുകയായിരുന്നു. ലക്ഷ്യത്തിനു 39 റണ്‍സ് അകലെ 76 റണ്‍സ് നേടിയ അസ്ഹര്‍ അലിയെ ജേക്ക് ബാള്‍ പുറത്താക്കി.

37.1 ഓവറില്‍ വിജയം സ്വന്തമാക്കുമ്പോള്‍ പാക്കിസ്ഥാനു വേണ്ടി ക്രീസില്‍ ബാബര്‍ അസം(38*), മുഹമ്മദ് ഹഫീസ്(31*) എന്നിവരായിരുന്നു.

ജേക്ക് ബാളും, ആദില്‍ റഷീദുമാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് നേട്ടക്കാര്‍.

ഇംഗ്ലണ്ട് ഇന്നിംഗ്സ് ഇവിടെ വായിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial