ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനു, വിജയം 180 റണ്‍സിനു

പ്രതീക്ഷകളെയും പ്രവചനങ്ങളെയും കാറ്റില്‍ പറത്തി ഇന്ത്യയെ 180 റണ്‍സിനു തകര്‍ത്ത് പാക്കിസ്ഥാനു ചാമ്പ്യന്‍സ് ട്രോഫി. ഫകര്‍ സമന്റെ ശതകവും മുഹമ്മദ് ഹഫീസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും പിന്‍ബലത്തില്‍ 339 റണ്‍സ് വിജയലക്ഷ്യം ഇന്ത്യയ്ക്ക് മുന്നില്‍ വെച്ച പാക്കിസ്ഥാന്‍ എന്നാല്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറെ നിഷ്കരുണം പിഴുതെറിയുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കൂറ്റനിടകള്‍ മാത്രമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷയേകിയ നിമിഷങ്ങള്‍. ഹാര്‍ദ്ദിക്കിന്റെ ഓരോ സിക്സറുകളും ഇന്ത്യയുടെ തോല്‍വിയുടെ ആക്കം കുറയ്ക്കാന്‍ മാത്രമേ ഉപകാരപ്പെട്ടുള്ളു. ഇന്ത്യന്‍ ടോപ് ഓര്‍ഡറെ മടക്കിയയച്ച മുഹമ്മദ് അമീറിന്റെ പ്രകടനവും ശ്രദ്ധേയമായി.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മുഹമ്മദ് അമീറിനു മുന്നില്‍ തകരുകയായിരുന്നു. പരിക്കില്‍ നിന്ന് തിരിച്ചുവന്ന് ഫൈനലിലെ ടീമിലെത്തിയ അമീര്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ വമ്പന്മാരെ മൂന്ന് പേരെയും വീഴ്ത്തുകയായിരുന്നു. ആദ്യ ഓവറില്‍ രോഹിത് ശര്‍മ്മയെ വിക്കറ്റിനു മുന്നില്‍ കുടുക്കുമ്പോള്‍ ഇന്ത്യ അക്കൗണ്ട് തുറന്നിരുന്നില്ല. വിരാട് കോഹ്‍ലി ആയിരുന്നു അമീറിന്റെ അടുത്ത ഇര. 21 റണ്‍സ് നേടിയ ശിഖര്‍ ധവാനെയും അമീര്‍ പുറത്താക്കിയപ്പോള്‍ ഇന്ത്യ 33/3 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു.

യുവരാജ്(22), ധോണി, കേധാര്‍ ജാഥവ് എന്നിവരും വേഗം മടങ്ങിയതോടെ ഇന്ത്യ നൂറ് റണ്‍സ് കണ്ടെത്തുമോ എന്നത് സംശയമായി തീര്‍ന്നിരുന്നു. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കൂറ്റനിടികള്‍ ഇന്ത്യയെ നൂറ് കടക്കാന്‍ സഹായിച്ചു. ജഡേജയെ കൂട്ടുപിടിച്ച് 80 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഹാര്‍ദ്ദിക് നേടിയത്. 43 പന്തില്‍ 76 റണ്‍സ് നേടിയ പാണ്ഡ്യ 4 ബൗണ്ടറിയും 6 സിക്സറും തന്റെ ഇന്നിംഗ്സില്‍ നേടിയിരുന്നു. റണ്‍ഔട്ട് രൂപത്തിലാണ് ഹാര്‍ദ്ദിക് പുറത്തായത്.

ഹാര്‍ദ്ദിക് പുറത്തായ ശേഷം ഇന്ത്യയുടെ മറ്റു ബാറ്റ്സ്മാന്മാര്‍ പാക് ബൗളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു. 30.3 ഓവറില്‍ 158 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ട് ആവുകയായിരുന്നു. മുഹമ്മദ് അമീറും ഹസന്‍ അലിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷദബ് ഖാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജുനൈദ് ഖാനാണ് വിക്കറ്റ് നേടിയ മറ്റൊരു പാക് താരം.

ഫകര്‍ സമന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്, ഹസന്‍ അലിയെ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുത്തു. ശിഖര്‍ ധവന് ഗോള്‍ഡന്‍ ബാറ്റ് പുരസ്കാരം ലഭിച്ചപ്പോള്‍ ഹസന്‍ അലിയ്ക്ക് ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ലഭിച്ചു.

പാക്കിസ്ഥാന്റെ മികച്ച ബാറ്റിംഗ് പ്രകടനം ഇവിടെ വായിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial