മിച്ചൽ മാർഷ് പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്ക് വലിയ തിരിച്ചടി. ഓൾറൗണ്ടർ മിച്ചൽ മാർഷ് തുടർച്ചയായി പുറംവേദനയെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി. മാർഷ് പാകിസ്ഥാനിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കില്ല എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) സ്ഥിരീകരിച്ചു.

മാർഷിന് ഒടിവുകൾ ഇല്ലെന്നും എന്നാൽ പരിക്ക് മാറാൻ ദീർഘമായ പുനരധിവാസ കാലയളവ് ആവശ്യമായി വരുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. താരത്തിന് ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ വരുന്ന ഐ പി എല്ലും നഷ്ടമാകും. സെലക്ഷൻ പാനൽ ഉടൻ തന്നെ ഒരു പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാർക്കസ് സ്റ്റോയിനിസ് (ഹാംസ്ട്രിംഗ്), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (കണങ്കാൽ) എന്നിവരുടെ ഫിറ്റ്നസിലും ഓസ്ട്രേലിയക്ക് ആശങ്കയുണ്ട്. ടൂർണമെന്റിനുള്ള ടീമിനെ അന്തിമമാക്കാൻ ഫെബ്രുവരി 12 വരെ ഓസ്‌ട്രേലിയയ്ക്ക് സമയമുണ്ട്.

ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന ചടങ്ങ് ഫെബ്രുവരി 16ന് ലാഹോറിൽ

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ന്റെ ഉദ്ഘാടന ചടങ്ങ് ഫെബ്രുവരി 16 ന് ലാഹോറിലെ ഹുസൂരി ബാഗിൽ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സ്ഥിരീകരിച്ചു. ടൂർണമെന്റിന് മുമ്പുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടോ പത്രസമ്മേളനമോ ഇത്തവണ ഉണ്ടാകില്ല.

നിരവധി ടീമുകൾ പല പരമ്പരകളിൽ ആയതിനാൽ ഷെഡ്യൂളിംഗ് പ്രശ്നങ്ങൾ ഉള്ളതിനാലാണ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടും ഇന്ത്യയും വൈറ്റ്-ബോൾ പരമ്പരയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ രോഹിത് പാകിസ്താനിലേക്ക് ഉദ്ഘാടന ചടങ്ങിനായി പോകില്ല.

ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19നാണ് ആരംഭിക്കുന്നത്‌. പാകിസ്ഥാനിലെ മൂന്ന് വേദികളിലും ദുബായിലെ ഒരു വേദിയിലുമായി മത്സരങ്ങൾ നടക്കും. സുരക്ഷാ കാരണങ്ങളാൽ, ഇന്ത്യ യോഗ്യത നേടിയാൽ ഫൈനൽ ഉൾപ്പെടെ എല്ലാ മത്സരങ്ങളും ദുബായിൽ ആകും കളിക്കുക.

ടൂർണമെന്റിന് മുമ്പുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, ഫെബ്രുവരി 7 ന് ലാഹോറിലെ നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയം പിസിബി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ മുഖ്യാതിഥിയായി ക്ഷണിക്കും.

ചാമ്പ്യൻസ് ട്രോഫി; ഇന്ത്യയുടെ ജേഴ്സിയിൽ പാകിസ്ഥാന്റെ പേര് ഉൾപ്പെടുത്തും

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയിൽ ആതിഥേയ രാഷ്ട്രമായ പാകിസ്ഥാന്റെ പേര് ഉൾപ്പെടുത്തും. ഐസിസിയുടെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ബോർഡ് പാലിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ജനുവരി 22 ന് സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ പേര് ലോഗോയിൽ ഉൾപ്പെടുത്തുന്നതിനെ ഇന്ത്യ എതിർത്തുവെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.

ടൂർണമെന്റിനുള്ള ഡ്രസ് കോഡും ലോഗോ രൂപകൽപ്പനയും ഉൾപ്പെടെയുള്ള ഐസിസിയുടെ നിർദ്ദേശങ്ങൾ ബിസിസിഐ മാനിക്കുന്നുവെന്ന് സൈകിയ ഊന്നിപ്പറഞ്ഞു. മറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഐസിസി നിയമങ്ങൾ ലംഘിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 ന് ആണ് ആരംഭിക്കുന്നത്.

ചാമ്പ്യൻസ് ട്രോഫി നേടാൻ പാകിസ്ഥാൻ ആണ് ഫേവറിറ്റ്സ്: സുനിൽ ഗവാസ്കർ

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ആണ് ഫേവറിറ്റ് എന്ന് ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ പ്രഖ്യാപിച്ചു. ഫെബ്രുവരി 19 മുതൽ നടക്കുന്ന ടൂർണമെന്റിന് പാകിസ്ഥാനും യുഎഇയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. 2017 ൽ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാൻ അവരുടെ ആദ്യ ചാമ്പ്യൻസ് ട്രോഫി നേടിയിരുന്നു.

സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ, സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ഗുണങ്ങൾ അവർക്ക് ഉണ്ടെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. “സ്വന്തം നാട്ടിൽ ഒരു ടീമിനെയും തോൽപ്പിക്കുക എളുപ്പമല്ലാത്തതിനാൽ സ്വന്തം നാട്ടിൽ കളിക്കുന്ന പാകിസ്ഥാന് തന്നെ ഫേവറിറ്റ്സ് എന്ന ടാഗ് നൽകണം,” അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലെ ഭാഗമായ ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായിൽ ആകും കളിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ vs. പാകിസ്ഥാൻ പോരാട്ടം ഫെബ്രുവരി 23 ന് നടക്കും.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ബുംറ കളിക്കും

ഇന്ത്യയുടെ മുൻനിര ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഫെബ്രുവരി 12 ന് അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ കളിക്കും. ഈ മത്സരത്തിലൂടെ ആകും താരം ചാമ്പ്യൻസ് ട്രോഫി കളിക്കാൻ തന്റെ ഫിറ്റ്നസ് അനുവദിക്കുമോ എന്ന് നോക്കുക. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കുമെന്ന് സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ ഇന്നലെ പറഞ്ഞിരുന്നു.

സിഡ്നി ടെസ്റ്റിനിടെ ഉണ്ടായ പുറംവേദനയിൽ നിന്ന് ബുംറ സുഖം പ്രാപിച്ചുവരികയാണ്. ഫെബ്രുവരി 6, 9 തീയതികളിലെ ആദ്യ രണ്ട് ഏകദിനങ്ങൾ അദ്ദേഹത്തിന് നഷ്ടമാകുമെങ്കിലും, ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം തിരിച്ചെത്തുമെന്ന് ടീം മാനേജ്മെന്റും ബിസിസിഐ മെഡിക്കൽ സ്റ്റാഫും പ്രതീക്ഷിക്കുന്നു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ബുംറയുടെ കവറായി ഡൽഹി പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ മെഡിക്കൽ വിലയിരുത്തലുകളുടെ ആവശ്യകതയെക്കുറിച്ച് അഗാർക്കർ ഊന്നിപ്പറഞ്ഞു, വിശദമായ അപ്‌ഡേറ്റുകൾ ബിസിസിഐ ഉടൻ പുറത്തുവിടുമെന്ന് പറഞ്ഞു.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കാമ്പെയ്ൻ ഫെബ്രുവരി 20 ന് ദുബായിൽ ബംഗ്ലാദേശിനെതിരെ ആരംഭിക്കും, തുടർന്ന് പാകിസ്ഥാനും ന്യൂസിലൻഡും എതിരായ മത്സരങ്ങൾ നടക്കും.

ചാമ്പ്യൻസ് ട്രോഫി ടീമിനെ ഇന്ത്യ നാളെ പ്രഖ്യാപിക്കും

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ നാളെ (ജനുവരി 18 ന്) ബിസിസിഐ പ്രഖ്യാപിക്കും. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ നാളെ പത്രസമ്മേളനത്തിലൂടെ ആകും ടീം പ്രഖ്യാപിക്കുക.

ഫെബ്രുവരി 19 ന് പാകിസ്ഥാനിൽ ആണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്, രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകൾ കിരീടത്തിനായി പോരാടും.

ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരക്കുള്ള ടീമും ഇന്ത്യ നാളെ പ്രഖ്യാപിക്കും. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് തുടങ്ങിയ പ്രധാന കളിക്കാരെ ചുറ്റിപ്പറ്റിയുള്ള ഫിറ്റ്നസ് ആശങ്കകൾ സെലക്ഷൻ പ്രക്രിയയിൽ നിർണായകമായി തുടരുന്നു.

കരുൺ നായരുടെ വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനം സെലക്ഷൻ കമ്മിറ്റി പരിഗണുക്കുമോ എന്നും ഏവരും ഉറ്റുനോക്കുന്നു.

സൈം അയൂബിനെ പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തും

വലതു കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായിട്ടില്ല എങ്കിലും, വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള താൽക്കാലിക ടീമിൽ പാകിസ്ഥാൻ സെലക്ടർമാർ ഓപ്പണർ സൈം അയൂബിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ. ഔദ്യോഗികമായി ടീം പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ടീമിൽ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഫഖർ സമാന്‍, ഷദാബ് ഖാൻ തുടങ്ങിയവർക്ക് ഒപ്പം സൈം അയ്യൂബും ഉണ്ടെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌.

ഫെബ്രുവരി 13 വരെ മാറ്റങ്ങൾ വരുത്താം എന്നത് കൊണ്ട് ആ സമയത്തിനകം അയ്യൂബിന്റെ പരിക്ക് മാറിയില്ല എങ്കിൽ പാകിസ്താൻ ടീമിൽ മാറ്റം വരുത്തും. നിലവിൽ ചികിത്സയ്ക്കായി ലണ്ടനിലാണ് സൈം അയ്യൂബ് ഉള്ളത്.

പാകിസ്ഥാന്റെ ഇപ്പോഴത്തെ ഏറ്റവും സ്ഥിരതയുള്ള ഏകദിന ബാറ്റ്സ്മാനാണ് അദ്ദേഹം, ദക്ഷിണാഫ്രിക്കയിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു.

അൺറിക് നോർകിയ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ല

ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് വൻ തിരിച്ചടി. പുറത്തിനേറ്റ പരിക്കിനെത്തുടർന്ന് പ്രിട്ടോറിയ ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ നോർകിയ ബെറ്റ്‌വേ SA20, ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 എന്നിവയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായതായാണ് സ്ഥിരീകരണം വന്നത്.

തിങ്കളാഴ്ച നടത്തിയ സ്കാനിംഗുകൾ പരിക്കിന്റെ തീവ്രത സ്ഥിരീകരിച്ചു. 31കാരനായ നോർകിയയെ ആദ്യം ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിരുന്നു, പക്ഷേ അപ്പോഴേക്ക് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നതിനാൽ ആണ് ഈ തീരുമാനം. ദക്ഷിണാഫ്രിക്കൻ ടീം ഉടൻ തന്നെ പകരക്കാരനെ പ്രഖ്യാപിക്കും എന്ന് വിശ്വസിക്കുന്നു.

രോഹിത് ശർമ്മയ്ക്ക് പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ പങ്കെടുക്കാൻ സാധ്യത

ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങിനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ലാഹോറിലേക്ക് പോയേക്കാമെന്ന് റിപ്പോർട്ടുകൾ. 29 വർഷത്തിനുശേഷമാണ് പാകിസ്ഥാനിലേക്ക് ഒരു ഐ സി സി ക്രിക്കറ്റ് ടൂർണമെന്റ് തിരിച്ചെത്തുന്നത്. ഫെബ്രുവരി 16 അല്ലെങ്കിൽ 17ന് ഗദ്ദാഫി സ്റ്റേഡിയത്തിൽ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പദ്ധതിയിടുന്നു.

രോഹിത് ശർമ്മ

ഐസിസി പാരമ്പര്യങ്ങളുടെ ഭാഗമായി രോഹിത് ഉൾപ്പെടെയുള്ള എല്ലാ ടീം ക്യാപ്റ്റന്മാരും ഈ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

17 വർഷത്തിനുശേഷം രോഹിത് പാകിസ്ഥാനിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാകും ഇത്. 2008 ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. രാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ ആശങ്കകളും കാരണം അതിനു ശേഷം ഇന്ത്യ ടീമിനെ പാകിസ്ഥാനിലേക്ക് അയച്ചിട്ടില്ല.

ചാമ്പ്യൻസ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം പ്രഖ്യാപിച്ചു

2025 ലെ ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 കളിക്കാരുടെ ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു, ടെംബ ബാവുമ ടീമിനെ നയിക്കുന്നു. 2024 ലെ പുരുഷ T20 ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റുകളും ഉൾപ്പെടെ, സമീപകാലത്തെ അവരുടെ ശക്തമായ പ്രകടനങ്ങൾ തുടരാൻ ആണ് പ്രോട്ടീസ് ലക്ഷ്യമിടുന്നത്.

പ്രധാന പേസ് ബൗളർമാരായ ആൻറിച്ച് നോർട്ട്യെ, ലുങ്കി എൻഗിഡി എന്നിവരുടെ തിരിച്ചുവരവ് ടീം പ്രഖ്യാപനത്തിൽ കാണാം. ഇരുവരും പരിക്ക് മാറി തിരികെയെത്തി.

2023 ലോകകപ്പിൽ സെമിഫൈനലിലെത്തിയ കോർ ഗ്രൂപ്പിനെ ദക്ഷിണാഫ്രിക്ക നിലനിർത്തിയിട്ടുണ്ട്, ആ ടീമിൽ നിന്ന് 10 കളിക്കാർ ഈ ടീമിൽ ഉണ്ട്.


South Africa squad:
 Temba Bavuma (c), Tony de Zorzi, Marco Jansen, Heinrich Klaasen, Keshav Maharaj, Aiden Markram, David Miller, Wiaan Mulder, Lungi Ngidi, Anrich Nortje, Kagiso Rabada, Ryan Rickelton, Tabraiz Shamsi, Tristan Stubbs, Rassie van der Dussen

2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഓസ്ട്രേലിയ ശക്തമായ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു, പാറ്റ് കമ്മിൻസ് ടീമിനെ നയിക്കുന്നു. ടൂർണമെൻ്റ് ഫെബ്രുവരി 19 ന് ആരംഭിക്കും, ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം ഇംഗ്ലണ്ടിനെതിരെ ലാഹോറിൽ ആണ് നടക്കുന്നത്. കമ്മിൻസ്, ജോഷ് ഹേസൽവുഡ് തുടങ്ങിയ പ്രധാന താരങ്ങൾ ടീമിൽ ഉൾപ്പെടുന്നു, ഇരുവരും പരിക്കിൽ നിന്ന് കരകയറുകയാണ് എങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് അവർക്ക് പ്രതീക്ഷയുണ്ട്.

കാമറൂൺ ഗ്രീൻ പരിക്ക് കാരണം ടീമിന് പുറത്തായി, ഷോൺ ആബട്ടിനെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയ സ്ക്വാഡ്
പാറ്റ് കമ്മിൻസ് (സി), അലക്സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്നെ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ആദം സാമ്പ.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള അഫ്ഗാനിസ്ഥാൻ ടീം പ്രഖ്യാപിച്ചു

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഹഷ്മത്തുള്ള ഷാഹിദിയാണ് ടീമിനെ നയിക്കുന്നത്, കൂടാതെ പരിചയസമ്പന്നരായ കളിക്കാരും വളർന്നുവരുന്ന താരങ്ങളും ഉൾപ്പെടുന്നു. കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായ പ്രധാന ബാറ്റർ ഇബ്രാഹിം സദ്രാൻ തിരിച്ചെത്തി.

മികച്ച ഫോമിലുള്ള മിസ്റ്ററി സ്പിന്നർ എഎം ഗസൻഫറും ടീമിൽ ഉണ്ട്. അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ സെഡിഖുള്ള അടലും ടീമിൽ ഇടം നേടി.

ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവർക്കൊപ്പം ടൂർണമെൻ്റിൻ്റെ ഗ്രൂപ്പ് ബിയിലാണ് അഫ്ഗാനിസ്ഥാൻ. ഫെബ്രുവരി 21 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ അവർ തങ്ങളുടെ ചാമ്പ്യൻസ് ട്രോഫി ക്യാമ്പയിൻ ആരംഭിക്കും.

Afghanistan squad for Champions Trophy 2025: Hashmatullah Shahidi (c), Ibrahim Zadran, Rahmanullah Gurbaz, Sediqullah Atal, Rahmat Shah, Ikram Alikhil, Gulbadin Naib, Azmatullah Omarzai, Mohammad Nabi, Rashid Khan, AM Ghazanfar, Noor Ahmad, Fazalhaq Farooqi, Farid Malik, Naveed Zadran.

Reserves: Darwish Rasooli, Nangyal Kharoti, Bilal Sami

Exit mobile version