നിര്‍ണ്ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ട്

- Advertisement -

ന്യൂസിലാണ്ടിനിന്നു നിര്‍ണ്ണായക മത്സരം, ഇംഗ്ലണ്ടിനെ മറികടക്കണമെങ്കില്‍ കളി മികവ് മാത്രം പോര മഴ ദൈവങ്ങളും കനിയണമെന്ന അവസ്ഥയാണ് കാര്‍ഡിഫില്‍. ഞായറാഴ്ച മുതല്‍ തകര്‍പ്പന്‍ മഴയാണ് കാര്‍ഡിഫില്‍ എന്നാണ് അറിയുവാന്‍ കഴിയുന്നത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ മേല്‍ക്കൈ നേടി നില്‍ക്കുമ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഒരു വിജയം സ്വന്തമാക്കാനാകുന്നില്ലെങ്കില്‍ ന്യൂസിലാണ്ടിനു സെമിയില്‍ കടക്കുക എന്നത് ശ്രമകരമാകും. ന്യൂസിലാണ്ടിന്റെ വിജയം ഓസ്ട്രേലിയയുടെ സെമി പ്രതീക്ഷകള്‍ക്കും തിരിച്ചടിയായേക്കാം. അവസാന മത്സരത്തില്‍ ബംഗ്ലാദേശാണ് ന്യൂസിലാണ്ടിന്റെ എതിരാളികള്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയെയും നേരിടും. ഇന്ന് വിജയം കൊയ്യാനായാല്‍ ഇംഗ്ലണ്ടിനു സെമി ഉറപ്പിക്കാം. പരാജയമാണ് ഫലമെങ്കില്‍ ഓസ്ട്രേലിയയുമായുള്ള മത്സരം ജീവന്‍ മരണ പോരാട്ടമാകും.

ഇംഗ്ലണ്ട് ശക്തരാണെങ്കിലും ക്രിസ് വോക്സിന്റെ ലഭ്യതക്കുറവ് ടീമിനെ ബാധിക്കുമോ എന്നതാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍ വീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ രണ്ടോവര്‍ മാത്രം എറിഞ്ഞ വോക്സിന്റെ അഭാവം ഇംഗ്ലണ്ടിനെ സാരമായി ബാധിക്കാനിടയില്ല. ജേക്ക് ബാള്‍ ആണ് ഇംഗ്ലണ്ട് ബൗളിംഗ് നിരയിലെ ദുര്‍ബലമായ ഘടകം. കഴിഞ്ഞ മത്സരത്തില്‍ 82 റണ്‍സാണ് ബാള്‍ വഴങ്ങിയത്. ആദില്‍ റഷീദ് ടീമിലേക്ക് മടങ്ങിയെത്തുവാനുള്ള സാധ്യത കൂടുതലാണ്.

ജേസണ്‍ റോയിയെ മാറ്റി നിര്‍ത്തിയാല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര ശക്തമാണ്. ഫോമിലായാല്‍ റോയ് അതിവേഗമായിരിക്കും സ്കോറിംഗ് നടത്തുക എന്നത് ഇന്നത്തെ മത്സരത്തിലും അദ്ദേഹത്തിനു ടീമിലിടം നല്‍കും. അലക്സ് ഹെയില്‍സും ജോ റൂട്ടും മികച്ച ഫോമിലാണ്.

ആദ്യ മത്സരത്തില്‍ മഴ വില്ലനായെങ്കിലും ന്യൂസിലാണ്ടായിരുന്നു മികച്ച ടീം. ഓസ്ട്രേലിയയ്ക്കെതിരെ ശക്തമായ നിലയില്‍ നില്‍ക്കെയാണ് മഴ ന്യൂസിലാണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ പെയ്തിറങ്ങിയത്. ലൂക്ക് റോഞ്ചിയുടെ വെടിക്കെട്ട് ഇന്നും ന്യൂസിലാണ്ട് പ്രതീക്ഷിക്കുന്നുണ്ട്. നായകന്‍ കെയിന്‍ വില്യംസണ്‍ തന്റെ ഫോം തുടരുകയാണ്. എന്നാല്‍ മധ്യ നിരയില്‍ നിന്ന് മികവാര്‍ന്ന പ്രകടനമാണ് ന്യൂസിലാണ്ട് പ്രതീക്ഷിക്കുന്നത്. ബൗളിംഗ് നിരയില്‍ ആഡം മില്‍നെ മികവ് പുലര്‍ത്തുമ്പോള്‍ ഏത് നിരയെയും വരിഞ്ഞു കെട്ടുവാനുള്ള ശക്തിയുള്ളതാണ് ടിം സൗത്തി – ട്രെന്റ് ബൗള്‍ട്ട് എന്നിവരുടെ ഓപ്പണിംഗ് സ്പെല്‍.

രണ്ട ദിവസമായി കനത്ത മഴപെയ്യുന്ന കാര്‍ഡിഫില്‍ കാലാവസ്ഥ കനിയുകയാണെങ്കില്‍ ചാമ്പ്യന്‍ ട്രോഫി 2017ലെ തീപാറുന്ന പോരാട്ടമാവും ഇന്ന് അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement